ലോകകപ്പ് ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് തകര്‍ച്ച; ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ജഡേജ

ലീഡ്‌സ്: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെ. സ്‌കോര്‍ ബോര്‍ഡില്‍ 53 റണ്‍സെടുത്തുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ദിമുത് കരുണരത്നെ (17 പന്തില്‍ 10), കുശാല്‍ പെരേര (14 പന്തില്‍ 18), കുശാല്‍ മെന്‍ഡിസ് (20 പന്തില്‍ 20) എന്നിവരാണ് പുറത്തായത്. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ധോണിക്ക് ക്യാച്ച് സമ്മാനിച്ചാണ് ഓപ്പണര്‍മാര്‍ പുറത്തായത്. ഈ ലോകകപ്പിലെ ആദ്യ ഓവര്‍ ബോള്‍ ചെയ്ത ജഡേജയാണ് മെന്‍ഡിസിനെ പുറത്താക്കിയത്. 11 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. ആവിഷ്‌ക ഫെര്‍ണാണ്ടോ (20), ഏഞ്ചലോ മാത്യൂസ് (ഒന്ന്) എന്നിവര്‍ ക്രീസില്‍.

നേരത്തെ, ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചെഹല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇവര്‍ക്കു പകരം കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലെത്തി. ജഡേജയ്ക്ക് ഈ ലോകകപ്പില്‍ ഇത് ആദ്യ മല്‍സരമാണ്. ശ്രീലങ്കന്‍ നിരയിലും ഒരു മാറ്റമുണ്ട്. വാര്‍ഡര്‍സേയ്ക്കു പകരം തിസാര പെരേര ടീമില്‍ തിരിച്ചെത്തി. കാത്തിരിപ്പും തയാറെടുപ്പും സെമി പോരാട്ടത്തിനു വേണ്ടിയാണെങ്കിലും ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്കിന്ന് ജയിച്ചേ മതിയാകൂ. പോയിന്റ് പട്ടികയിലെ നില മെച്ചപ്പെടുത്തുന്നതിലുപരി നോക്കൗട്ട് ഘട്ടത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും വിജയം അനിവാര്യമാണ്

രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് ഷമിക്ക് പകരം രവീന്ദ്ര ജഡേജയും യൂസ്വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി. ലങ്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. വാണ്ടര്‍സേയ്ക്ക് പകരം തിസാര പെരേരയെ ടീമിലുള്‍പ്പെടുത്തി.

പ്ലയിങ് ഇലവന്‍

ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂമ്ര.

ശ്രീലങ്ക: ദിമുത് കരുണാരത്നെ, കുശാല്‍ പെരേര, ആവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, ലാഹിരു തിരിമാനെ, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ, തിസാര പെരേര, ഇസുരു ഉഡാന, കശുന്‍ രജിത, ലസിത് മലിംഗ.

pathram:
Leave a Comment