വിന്‍ഡീസിനെ തോല്‍പ്പിച്ചു; ശ്രീലങ്ക സെമിയിലെത്തുമോ…?

ആവേശപ്പോരില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലയ്ക്ക് 23 റണ്‍സ് ജയം. ഡര്‍ഹാമില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ (104) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നിക്കോളാസ് പൂരന്‍ സെഞ്ചുറി തികച്ച് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിനടുത്ത് വീണു. വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. വിജയിച്ചെങ്കിലും ശ്രീലങ്കയുടെ സെമി സാധ്യത വിദൂരത്താണ്.

പൂരന് പുറമെ ഫാബിയന്‍ അലന്‍ (32 പന്തില്‍ 56) മികച്ച പ്രകടനം പുറത്തെടുത്തു. ക്രിസ് ഗെയ്ല്‍ (35), സുനില്‍ ആംബ്രിസ് (5), ഷായ് ഹോപ് (5), ഷിംറോണ്‍ ഹെറ്റ്മയേര്‍ (29), ജേസണ്‍ ഹോള്‍ഡര്‍ (26), കാര്‍ലോസ് ബ്രാത്വെയ്റ്റ് (8), ഒഷാനെ തോമസ് (1) എന്നിവരാണ് പുറത്തായ മറ്റു വിന്‍ഡീസ് താരങ്ങള്‍. മുന്‍ നിരയും മധ്യനിരയും ഒരുപോലെ നിരുത്തരവാദിത്തം കാണിച്ചെങ്കിലും പൂരന്‍- അലന്‍ എന്നിവര്‍ കൂട്ടിച്ചേര്‍ത്ത 83 റണ്‍സ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അലന്‍ റണ്ണൗട്ടായത് തിരിച്ചടിയായി. 103 പന്തില്‍ 11 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിങ്സ്. ലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, അവിഷ്‌ക ഫെര്‍ണാണ്ടോയുടെ കന്നി സെഞ്ചുറി മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സാണ് ശ്രീലങ്ക നേടിയത്. പുറമെ കുശാല്‍ പെരേര(64), കുശാല്‍ മെന്‍ഡിസ്(39), ദിമുത് കരുണരത്നെ(31) എയ്ഞ്ചലോ മാത്യൂസ്(26) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലങ്കക്ക് കരുത്തു പകര്‍ന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ കരുണരത്നെ-കുശാല്‍ പെരേര സഖ്യം 93 റണ്‍സടിച്ചു. ഇരുവരെയും ചെറിയ ഇടവേളയില്‍ പുറത്താക്കിയെങ്കിലും ഫെര്‍ണാണ്ടോയുടെ(104) ഇന്നിംഗ്സ് വിന്‍ഡീസിന്റെ തിരിച്ചുവരവിനുള്ള സാധ്യത വിഫലമാക്കി. മെന്‍ഡിസിനും മാത്യൂസിനുമൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ഫെര്‍ണാണ്ടോ കരിയറിലെ ആദ്യ സെഞ്ചുറിയാണ് കുറിച്ചത്.

അവസാന ഓവറുകളില്‍ ലഹിരു തിരിമിന്നെയുടെ വെടിക്കെട്ട് ഇന്നിംഗ്സ്(33 പന്തില്‍ 45 നോട്ടൗട്ട്) ലങ്കയെ 338ല്‍ എത്തിച്ചു. വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷെല്‍ഡണ്‍ കോട്ട്റെലും ഫാബിയന്‍ അലനും ഓഷാനെ തോമസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

pathram:
Leave a Comment