പന്തിനെ ടീമിലെടുത്തതിനെതിരേ മുന്‍ താരം

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന ശങ്കറിന് പരിക്കേറ്റതോടെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സീനിയര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിനെ മറികടന്നാണ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

എന്നാല്‍ ഈ നടപടി മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്കിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ‘വിജയ് ശങ്കറിന് എല്ലാ പിന്തുണയും നല്‍കുന്നതായി ഒരു ദിവസം മുന്‍പാണ് നായകന്‍ വിരാട് കോലി വ്യക്തമാക്കിയത്. എന്നാല്‍ പെടുന്നനെ താരം ടീമില്‍ നിന്ന് പുറത്തായി. പന്തിനെ ഉള്‍പ്പെടുത്തിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തി. ഇതൊരു നല്ല സന്ദേശമല്ല. പന്ത് വെടിക്കെട്ട് താരമാണ്, എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ അയാള്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും’ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയിലെ ചര്‍ച്ചയില്‍ മുരളി കാര്‍ത്തിക് പറഞ്ഞു.

എന്തുകൊണ്ടാണ് ടീം ഇന്ത്യ ഋഷഭ് പന്തിന് അവസരം നല്‍കിയതെന്ന് ടോസ് വേളയില്‍ നായകന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു. ‘ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങുന്നത്. വിജയ് ശങ്കറിന് കാലിന് പരിക്കേറ്റതിനാല്‍ ഋഷഭ് പന്ത് ഇലവനിലെത്തി. ഭയമില്ലാതെ കളിക്കുന്ന താരമാണ് പന്ത്. പന്തിന് അനായാസം കളിക്കാനാകുന്ന ചെറിയ ബൗണ്ടറിയാണ് ബിര്‍മിംഗ്ഹാമിലേത്. ഇരുപത് റണ്‍സ് പിന്നിട്ടുകഴിഞ്ഞാല്‍ പന്തിന്റെ ഇന്നിംഗ്സ് മറ്റൊരു ലെവലാകുമെന്നും’ മത്സരത്തിന് മുന്‍പ് വിരാട് കോലി പറഞ്ഞു.

pathram:
Related Post
Leave a Comment