ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആരാധകരുടെ ആവശ്യം ഇന്നെങ്കിലും നടക്കുമോ..? റെക്കോര്‍ഡുകള്‍ തകര്‍ത്തും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും മുന്നേറുന്ന കോഹ്ലി ഈ ലോകകപ്പില്‍ ഇതുവരേയും സെഞ്ചുറിയടിച്ചിട്ടില്ല. ലോക ഒന്നാം നമ്പര്‍ താരമായിട്ടും ബാറ്റിംഗ് റെക്കോര്‍ഡുകളെല്ലാം കീഴടക്കി മുന്നേറുന്നുണ്ടെങ്കിലും ലോകകപ്പില്‍ ഒന്നാം നമ്പര്‍ താരത്തിന് അനുയോജ്യമായ മിന്നും പ്രകടനമല്ല കോലി പുറത്തെടുക്കുന്നത്.
ലോകകപ്പില്‍ ഇതുവരെയും സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ അതേ സമയം മറുവശത്ത് കോലിയുടെ പ്രധാന എതിരാളികളായ ജോ റൂട്ടും കെയ്ന്‍ വില്യംസണുമെല്ലാം ബാറ്റിംഗില്‍ വെടിക്കെട്ട് തീര്‍ക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയ റൂട്ട് രണ്ടാം മത്സരത്തില്‍ സെഞ്ചുറിയും നേടി.
വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് വിക്കറ്റും സെഞ്ചുറിയും നേടിയാണ് ജോ റൂട്ട് വിജയം ആഘോഷിച്ചത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ടൂര്‍ണമെന്റില്‍ രണ്ട് തവണ നൂറ് കടന്നു. പല ലോകറെക്കോര്‍ഡുകളും കോലിയുടെ കൈയ്യില്‍ നിറയുകയാണെങ്കിലും ഈ ലോകകപ്പില്‍ നിന്നും മൂന്ന് അര്‍ദ്ധ സെഞ്ചുറിയാണ് ഇന്ത്യന്‍ നായകന്റെ അക്കൗണ്ടിലുള്ളത്.
ലോകകപ്പിനിടെ ഏകദിനത്തില്‍ ഏറ്റവും വേഗം 11,000 ക്ലബ്ബിലെത്തിയ കോലി ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡിന് അരികെയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടി 20യിലുമായി ഇരുപതിനായിരം റണ്‍സിലെത്താന്‍ ഇനി കോലിക്ക് വേണ്ടത് 37 റണ്‍സ് മാത്രമാണ്. സച്ചിനും ലാറയും ഒന്നിച്ച് കൈവശം വച്ചിരിക്കുന്ന റെക്കോര്‍ഡാണ് കോലിക്ക് സ്വന്തമാവുക. 453 കളിയിലാണ് സച്ചിനും ലാറയും 20,000 ല്‍ എത്തിയത്. കോലിയാകട്ടെ വിന്‍ഡീസിനെതിരെ ഇറങ്ങുന്നത് 417-ാം ഇന്നിംഗ്‌സിനാണ്. വിന്‍ഡീസിനെതിരെ ഇന്ത്യന്‍ നായകന്റെ സെഞ്ചുറി പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Leave a Comment