കൊച്ചി: പ്രളയപുനരധിവാസത്തില്‍ ഹൈക്കോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അപേക്ഷകളും നടപടിയും സംബന്ധിച്ച കണക്ക് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എറണാകുളത്ത് പ്രളയപുനരധിവാസ അപേക്ഷ ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദമാക്കി.
പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട കേസില്‍ ദുരന്തനിവാരണ അതോറിറ്റി മെമ്പറാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. പ്രളയപുനരധിവാസത്തിന് അര്‍ഹരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുനരധിവാസ അപേക്ഷയില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ എവിടെ കിട്ടുമെന്ന് കോടതി ചോദിച്ചു.
എല്ലാദിവസവും വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ജില്ലാ കളക്ടറുടെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് വില്ലേജ് ഓഫീസില്‍ രേഖകള്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.