കോഹ്ലിക്കും ബുമ്രയ്ക്കും വിശ്രമം

ജൂലൈ 14ന് ലോഡ്‌സില്‍ ഇന്ത്യ ലോകകിരീടം ഉയര്‍ത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകകപ്പ് കഴിഞ്ഞാല്‍ വിശ്രമിക്കാന്‍ പോലും അവസരമില്ലാതെ തുടരെ പരമ്പരകളാണ് ഇന്ത്യന്‍ ടീമിന്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായാണ് മത്സരങ്ങള്‍. ഇത്രയും മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്നത് താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിന്‍ഡീസുമായുള്ള പരമ്പരയില്‍ വിശ്രമം നല്‍കാനാണ് ബിസിസിഐ തീരുമാനം.

കോലിക്കും ബുംറയ്ക്കും വിന്‍ഡീസിനെതിരായ ടി20 ഏകദിന പരമ്പരകളില്‍ വിശ്രമം നല്‍കും. ഇന്ത്യ ലോകകപ്പില്‍ ഫൈനലിലെത്തിയാല്‍ ഇരുവരെയും കൂടാതെ മറ്റ് ചില മുതിര്‍ന്ന താരങ്ങള്‍ക്കും വിശ്രമം നല്‍കിയേക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പരിഗണിക്കുന്നതിനാല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് കോലിയും ബുംറയും ടീമിനൊപ്പം ചേരുമെന്നാണ് സൂചന.

വിന്‍ഡീസുമായി പരിശീലന മത്സരം കളിക്കുന്ന ഇന്ത്യ എ ടീമിലുള്ള യുവതാരങ്ങള്‍ക്ക് അവസരം കിട്ടിയേക്കും. മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവര്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്നു. ക്രുണാല്‍ പാണ്ഡ്യ, ശ്രേയസ് അയ്യര്‍, രാഹുല്‍ ചഹര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ടി20 ടീമിലേക്കും പ്രതീക്ഷ വയ്ക്കുന്നു. ലോകകപ്പ് കഴിയുന്നതോടെയാകും വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുക.

ലോകകപ്പ് കഴിഞ്ഞാല്‍ ഉടന്‍ ആഗസ്റ്റ് 3 മുതല്‍ അമേരിക്കയിലാണ് വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി-20 പരമ്പര. മൂന്ന് മത്സര പരമ്പരയിലെ 2 എണ്ണമാണ് അമേരിക്കന്‍ മണ്ണില്‍ കളിക്കുക. തുടര്‍ന്ന് ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകും. ഒരു ടി20 യും 2 ടെസ്റ്റും 3 ഏകദിന മത്സരങ്ങളും വിന്‍ഡീസില്‍ കളിക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ടി-20,ടെസ്റ്റ് പരമ്പരകള്‍ക്കായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തും. പിന്നാലെ ബംഗ്ലാദേശും. ഇത്രയും മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്നത് താരങ്ങള്‍ക്ക് തിരിച്ചടിയാകും. അതിനാല്‍ പ്രധാന താരങ്ങളെ വിന്‍ഡീസുമായുള്ള പരമ്പരയില്‍ വിശ്രമം നല്‍കാനാണ് ബിസിസിഐ തീരുമാനം.

pathram:
Leave a Comment