നാല് എംപിമാര്‍ ബിജെപിയിലേക്ക്..

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്. വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്. ടി.ഡി.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയെ ബി.ജെ.പിയില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ടി.ഡി.പി എം.പിമാര്‍ രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് കൈമാറി.

ഒരു എം.പി കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനകളുണ്ട്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലും വികസന നയങ്ങളിലും ആകൃഷ്ടരായാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് എം.പിമാര്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ഉടന്‍ തന്നെ ബി.ജെ.പിയില്‍ ലയിക്കാന്‍ തീരുമാനിച്ചതായും എം.പിമാര്‍ പ്രമേയത്തില്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ടി.ഡി.പിക്ക് ആകെ ആറ് എം.പിമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് പേരും ബി.ജെ.പിയില്‍ എത്തിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ 25ല്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് ടി.ഡി.പിക്ക് വിജയിക്കാനായത്. 121 അംഗ നിയമസഭയില്‍ ടി.ഡി.പി 23 സീറ്റില്‍ ഒതുങ്ങി. പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് എം.പിമാരുടെ കൂറുമാറ്റം.

അതേസമയം പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഇത് ആദ്യമായല്ലെന്ന് പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രയുടെ പ്രത്യേക പദവിക്കായും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായും എന്നും ബി.ജെ.പിയുമായി പോരടിച്ചിട്ടേയുള്ളൂ. സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കേന്ദ്രമന്ത്രി സ്ഥാനങ്ങള്‍ വരെ ഉപേക്ഷിച്ചു. ടി.ഡി.പിയെ ദുര്‍ബലപ്പെടുത്താനുള്ള ബി.ജെ.പി നീക്കങ്ങളെ അപലപിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടന്നും യു.എസില്‍ അവധി ആഘോഷിക്കുന്ന ചന്ദ്രബാബു നായിഡു പറഞ്ഞു.

pathram:
Related Post
Leave a Comment