ഒപ്പം നില്‍ക്കുമെന്നു വിശ്വസിച്ച പാര്‍ട്ടിതന്നെയാണ് അദ്ദേഹത്തെ ചതിച്ചുകൊന്നത്..!!! ജീവനൊടുക്കിയ പ്രവാസി വ്യവസായിയുടെ ഭാര്യ

കണ്ണൂര്‍: ആന്തൂര്‍ നഗരസഭ കെട്ടിടാനുമതി നിഷേധിച്ചതിനേത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി വ്യവസായിയുടെ ഭാര്യ ഭര്‍ത്താവിന്റെ മരണത്തിന് കാരണം സിപിഎമ്മാണെന്ന് ആരോപിച്ചു. ”അവര്‍ പലപ്രാവശ്യം വലിച്ചെറിഞ്ഞ ആ ഫയല്‍ ഞങ്ങളുടെ ജീവിതമായിരുന്നു. ഒപ്പം നില്‍ക്കുമെന്നു വിശ്വസിച്ച പാര്‍ട്ടിതന്നെയാണ് അദ്ദേഹത്തെ ചതിച്ചുകൊന്നത്”. ജീവനൊടുക്കിയ സാജന്റെ ഭാര്യ ബീനയുടെ വാക്കുകളില്‍ സങ്കടവും രോഷവും അണപൊട്ടി. ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രിയുടെ നാട്ടില്‍ത്തന്നെയാണു സാജന്റെ കുടുംബത്തിന് ഈ ദുര്‍ഗതിയുണ്ടായത്.

സി.പി.എം. ഒറ്റയ്ക്കു ഭരിക്കുന്ന ആന്തൂര്‍ നഗരസഭ ചുവപ്പുനാടയില്‍ കുരുക്കിയതാണു സാജന്റെ ആത്മഹത്യക്കു കാരണമെന്നു കുടുംബം ആരോപിച്ചു. ”പാര്‍ട്ടിക്കുവേണ്ടി ജീവിക്കുന്നയാളായിരുന്നു അദ്ദേഹം. സഹായം തേടി പി. ജയരാജനെ ഉള്‍പ്പെടെ സമീപിച്ചിരുന്നു. അവര്‍ സഹായിക്കുകയും ചെയ്തു.

പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ല”ബീന പറഞ്ഞു. കെട്ടിടാനുമതി ഫയല്‍ നിസാരകാരണങ്ങളുടെ പേരില്‍ തടഞ്ഞുവച്ചതിലൂടെ സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാകുകയായിരുന്നു സാജനെന്ന് ആരോപണമുണ്ട്. സാജന്‍ സജീവ സി.പി.എം. പ്രവര്‍ത്തകനായിരുന്നു. കുടുംബാംഗങ്ങളില്‍ മിക്കവരും പാര്‍ട്ടി അനുഭാവികളാണ്.

ജീവിതത്തിന്റെ നല്ലപങ്കും വിദേശത്തു ചെലവിട്ടശേഷമാണു നാട്ടിലൊരു സംരംഭമെന്ന മോഹവുമായി സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായെങ്കിലും, ബക്കളം നെല്ലിയോട്ടെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ നഗരസഭയുടെ ചുവപ്പുനാടയില്‍ കുരുങ്ങി. 15 വര്‍ഷത്തിലേറെ െനെജീരിയയില്‍ ജോലിചെയ്ത സാജന്‍ മൂന്നുവര്‍ഷം മുമ്പാണു നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന്, ജീവിതസമ്പാദ്യമായ 16 കോടിയോളം രൂപ ചെലവിട്ട് കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തീകരിച്ചു.

സംരംഭത്തിനു പ്രവര്‍ത്തനാനുമതിക്കായി സാജന്‍ ചില ഉന്നത സി.പി.എം. നേതാക്കളെ സമീപിച്ചിരുന്നു. ഇവര്‍ സഹായം ഉറപ്പുനല്‍കിയെങ്കിലും ആന്തൂര്‍ നഗരസഭ കടുംപിടിത്തം തുടര്‍ന്നു. കണ്ണൂരിലെ പാര്‍ട്ടി വിഭാഗീയതയുടെ ഭാഗമാണിതെന്നാണ് ആരോപണം. സ്വപ്‌നസംരംഭം ഒരിക്കലും സാക്ഷാത്കരിക്കില്ലെന്ന തോന്നലാണു ഭര്‍ത്താവിനു കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായിരുന്നതെന്നു ബീന പറഞ്ഞു.

പാര്‍ട്ടിക്കാര്‍ െകെയൊഴിഞ്ഞെന്നു ബീനയുടെ പിതാവ് പുരുഷോത്തമനും ആരോപിച്ചു. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയപ്പോഴാണു നഗരസഭ വേട്ടയാടാന്‍ തുടങ്ങിയതെന്നു സാജന്റെ സഹോദരന്‍ ശ്രീജിത്ത് ചൂണ്ടിക്കാട്ടി. ഓഡിറ്റോറിയത്തിന് അനുമതി നല്‍കില്ലെന്ന വാശിയിലായിരുന്നു അവര്‍.

സി.പി.എം. കേന്ദ്രസമിതിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള. നഗരസഭയിലെ 14 വാര്‍ഡുകളിലും സി.പി.എം. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിര്‍മാണത്തിലെ അപാകതമൂലം കെട്ടിടം പൊളിക്കണമെന്ന് ഒരുഘട്ടത്തില്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് സാജന്റെ പരാതിയില്‍ സി.പി.എം. ജില്ലാനേതൃത്വം ഇടപെട്ടതോടെ ഒക്‌ടോബറില്‍ നഗരസഭാ സംയുക്തസമിതി പരിശോധന നടത്തി. അപാകതയില്ലെന്നു ടൗണ്‍ പ്ലാനിങ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

pathram:
Leave a Comment