ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയ് കോടിയേരിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം ബിനോയിയ്ക്ക് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് നോട്ടീസ്. തലശ്ശേരി തിരുവങ്ങാട്ടെ വീട്ടില്‍ എത്തിയാണ് മുംബൈ പൊലീസ് ബിനോയിയ്ക്ക് നോട്ടീസ് നല്‍കിയത്. ബിനോയിയെ നേരില്‍ കാണാന്‍ മുംബൈ പൊലീസിനായില്ല. ബിനോയിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും 34-കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ണൂരിലെത്തിയ മുംബൈ പൊലീസ് സംഘം എസ്പിയുമായി ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്.

അതേസമയം, യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി, ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം. ബിനോയ്ക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരുന്നത്.

അതിനിടെ അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പൊലീസ് പരിശോധിക്കും. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, കേസ് വ്യക്തിപരമായ വിഷയമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് പറയുന്നു.. താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നും ബിനോയ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7