ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ധവാന് പിന്നാലെ ഭുവിയും പുറത്തേക്ക്…

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ആശങ്കയിലാഴ്ത്തി പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന്റെ പരുക്ക്. പാക്കിസ്ഥാനെതിരെ ബോള്‍ ചെയ്യുന്നതിനിടെ പേശികള്‍ക്കു പരുക്കേറ്റ ഭുവിക്ക് അടുത്ത രണ്ടോ മൂന്നു മല്‍സരങ്ങള്‍ നഷ്ടമാകുമെന്നാണ് വിവരം. ഓപ്പണര്‍ ശിഖര്‍ ധവാനു പിന്നാലെ പേസ് യൂണിറ്റിന്റെ കുന്തമുനയായ ഭുവനേശ്വറിനും പരുക്കേറ്റത് ഇന്ത്യയ്ക്ക് നിരാശയായി.

മല്‍സരത്തില്‍ ഇന്ത്യയ്ക്കായി അഞ്ചാം ഓവര്‍ ബോള്‍ ചെയ്യുന്നതിനിടെയാണ് ഭുവിക്ക് പേശീവലിവ് അനുഭവപ്പെട്ടത്. അഞ്ചാം ഓവറിന്റെ നാലാം പന്ത് ബോള്‍ ചെയ്ത ശേഷം ഭുവനേശ്വര്‍ കുമാര്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. പിന്നീട് ലോകകപ്പ് അരങ്ങേറ്റം കുറിച്ച വിജയ് ശങ്കറാണ് ഈ ഓവര്‍ പൂര്‍ത്തിയാക്കിയത്. ആദ്യ പന്തില്‍ത്തന്നെ പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ പുറത്താക്കുകയും ചെയ്തു. മല്‍സരത്തിലാകെ 2.4 ഓവര്‍ ബോള്‍ ചെയ്ത ഭുവനേശ്വര്‍, പവലിയനിലേക്കു മടങ്ങുകയും ചെയ്തു.

മല്‍സരശേഷം സംസാരിക്കുമ്പോള്‍ ഭുവിക്കു സംഭവിച്ചത് നിസാര പരുക്കെന്നാണ് കോലി പറഞ്ഞത്. അതേസമയം, ജൂണ്‍ 22ന് നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തിലും, ജൂണ്‍ 27ന് വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന മല്‍സരത്തിലും ഭുവനേശ്വര്‍ കളിക്കില്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. പരുക്കു പൂര്‍ണമായും ഭേദമായില്ലെങ്കില്‍ ജൂണ്‍ 30ന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നിര്‍ണായക മല്‍സരവും ഭുവിക്കു നഷ്ടമാകും.

ഭുവനേശ്വര്‍ എത്രയും വേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും കോലി പറഞ്ഞു. അതേസമയം, പകരക്കാരനായി ഇറക്കാന്‍ മുഹമ്മദ് ഷമി ടീമിലുള്ളതിനാല്‍ ഭുവനശേറിന്റെ പരുക്ക് ടീമിനെ കാര്യമായി ബാധിക്കില്ലെന്നും കോലി ചൂണ്ടിക്കാട്ടി.

pathram:
Related Post
Leave a Comment