ലോകകപ്പ്: ഇന്ന് പരാജയപ്പെട്ടാല്‍ ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷകള്‍ക്ക് അവസാനമാകും

ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് പരാജയപ്പെട്ടാല്‍ ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷകള്‍ക്ക് ഏറെക്കുറെ അവസാനമാകും. വെസ്റ്റ്ഇന്‍ഡീസാണ് ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ എതിരാളി.
ലോകക്രിക്കറ്റിലെ കരുത്തന്‍മാരെന്ന് പേരുള്ള ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് തുടക്കം ഏറെ പരിതാപകരമായിരുന്നു. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരോടാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച വിജയം നേടിയാലെ ഡുപ്ലെസിയ്ക്കും സംഘത്തിനും സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താനാവൂ. എന്നാല്‍ ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മ ദക്ഷിണാഫ്രിക്കയെ ഏറെ വലയ്ക്കുന്നു.
മൂന്ന് കളികളിലും ഓപ്പണിംഗ് സഖ്യം 50 റണ്‍സിന് മുമ്പെ തകര്‍ന്നു. ഡെയ്ല്‍ സെറ്റെയിന്റെ അഭാവം ടീമിനെ വല്ലാതെ വലയ്ക്കുന്നു. ലുംഗി എന്‍ഗിഡി ഇന്നും കളിക്കില്ല. പകരം ടീമിലെത്തിയ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് ഇന്ന് കളിക്കുമെന്നാണ് ടീം ക്യാംപില്‍ നിന്ന ലഭിക്കുന്ന സൂചന.
മറുവശത്ത് വെസ്റ്റ് ഇന്‍ഡീസാകട്ടെ ആത്മവിശ്വാസത്തിലാണ്. പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ ജയം. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ തോറ്റത് വെറും 15 റണ്‍സിന്. ബാറ്റ്‌സ്മാന്‍മാര്‍ അല്‍പ്പംകൂടി ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ ഓസീസിനെതിരെയും ജയിക്കാമായിരുന്നു. വൈകിട്ട് 3 മണിക്ക് സതാംപ്ടണിലാണ് ദക്ഷിണാഫ്രിക്ക വിന്‍ഡീസ് പോരാട്ടം.

pathram:
Leave a Comment