ആദ്യ ജയം തേടി പാക്കിസ്ഥാന്‍; ഇന്ന് ഇംഗ്ലണ്ടിനെതിരേ…

ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ടും പാകിസ്ഥാനും ഏറ്റുമുട്ടും. ലോകകപ്പില്‍ രണ്ടാം മത്സരത്തിനാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. വൈകിട്ട് മൂന്നിന് നോട്ടിംഗ്ഹാമിലാണ് മത്സരം. ശക്തരായ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുക. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇംഗ്ലണ്ട് എത്തുന്നതെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തകര്‍ന്നാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിന് എത്തുന്നത്.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ട് സ്‌കോറുകള്‍ പിറന്ന നോട്ടിംഗ്ഹാമിലെ വിക്കറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയാണ്. 300 റണ്‍സ് മറികടക്കുന്നത് പതിവാക്കിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഉഗ്രന്‍ ഫോമിലാണ്. ഇവര്‍ക്കൊപ്പം ജോഫ്ര ആര്‍ച്ചറുടെ അതിവേഗ പന്തുകള്‍കൂടിയാവുമ്പോള്‍ പാകിസ്ഥാന് ആശ്വസിക്കാന്‍ ഒന്നുമില്ല. ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ നാല് കളിയിലും പാകിസ്ഥാന്‍ തോറ്റു.

സന്നാഹമത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ സര്‍ഫ്രാസ് അഹമ്മദും സംഘവും ആദ്യകളിയില്‍ വിന്‍ഡീസ് പേസര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയത് പൊരുതിനോക്കാനാവാതെ. ബാറ്റിംഗിലും ബൗളിംഗിലും എത്തുംപിടിയും കിട്ടാത്തതിനാല്‍ പാക് ടീമില്‍ മാറ്റമുണ്ടാവുമെന്നുറപ്പ്.

pathram:
Leave a Comment