നാലാമനായി മികച്ചത് ധോണിയോ…?

ഇന്ത്യയുടെ ലോകകപ്പ് ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത് നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്‍ ആണ്. വൈറ്ററന്‍ താരം എം എസ് ധോണിക്ക് സ്ഥാനക്കയറ്റം നല്‍കി നാലാമനാക്കണം എന്നായിരുന്നു ഉയര്‍ന്ന നിര്‍ദേശങ്ങളിലൊന്ന്. മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡി ബിച്ചല്‍ പറയുന്നത് ധോണി ഈ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ താരമാണ് എന്നാണ്. 2003 ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു ബിച്ചല്‍.

നാലാം നമ്പറില്‍ എം എസ് ധോണിയെ മുന്‍പ് നാം കണ്ടിട്ടുണ്ട്. ഇപ്പോഴും അദേഹം വിസ്മയമാണ്. ഓപ്പണിംഗ് മുതല്‍ ആറ് വരെയുള്ള ഏത് ബാറ്റിംഗ് പൊസിഷനിലും ധോണിക്ക് ഇറങ്ങാനാകും. ഇത് ധോണിയുടെ അവസാന ലോകകപ്പായിരിക്കാം. അതിനാല്‍ നാലാം നമ്പറില്‍ കളിക്കണമെന്ന് ധോണിക്ക് ആഗ്രഹമുണ്ടാകാം. വിജയ് ശങ്കര്‍ മികച്ച താരമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ വളര്‍ന്നിട്ടുണ്ട്. നാലാം നമ്പറില്‍ പല ഓപ്ഷനും ഇന്ത്യക്കുണ്ട്. എന്നാല്‍ നാലാം നമ്പറില്‍ പലകുറി മികവ് കാട്ടിയിട്ടുള്ള ധോണി ആ സ്ഥാനത്ത് ഇറങ്ങണമെന്നാണ് ആഗ്രഹമെന്നും ബിച്ചല്‍ പറഞ്ഞു.

അതേസമയം മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കെപ്ലെര്‍ വെസ്സെല്‍സ് പറയുന്നത് നായകന്‍ വിരാട് കോലി നാലാം നമ്പറില്‍ ബാറ്റേന്തണം എന്നാണ്. മത്സര സാഹചര്യമനുസരിച്ച് കളി നിയന്ത്രിക്കാനാകുന്നതാണ് കോലിയെ വെസ്സെല്‍സ് നിര്‍ദേശിക്കാന്‍ കാരണം. ലോകകപ്പിലെ ഫേവറേറ്റുകളായ ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും സെമിയിലെത്തും. സെമിയിലെ നാലാം ടീമിനായി ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലാണ് മത്സരമെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറഞ്ഞു.

pathram:
Leave a Comment