ലണ്ടന്‍ : കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഫിന്‍സ്‌ബെറി സ്‌കൊയറിലെ മോണ്ട് കാം റോയല്‍ ലണ്ടന്‍ ഹോട്ടലില്‍ വച്ചായിരുന്നു ഉദ്ഘാടനം. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടിയുടെ സേവനം പൂര്‍ണ്ണമായും ഓണ്‍ലൈനായിട്ടാണ് ലഭ്യമാവുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘പ്രവാസി ചിട്ടി വഴി സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ സര്‍വതല സ്പര്‍ശിയായ വികസനം നടപ്പിലാക്കാനാണ് കേരളം പദ്ധതിയിട്ടിരിക്കുന്നത്. മാലിന്യമില്ലാത്ത നദി, വിഷമില്ലാത്ത പച്ചക്കറികള്‍ ഇതൊക്കെയാണ് നമ്മുടെ ലക്ഷ്യം. നെതര്‍ലാന്റില്‍ തന്നെ വളരെ മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളമായിരുന്നു മുന്‍പ് നദികളില്‍ ഉണ്ടായിരുന്നത്. അതെല്ലാം മാറി, ഇപ്പോള്‍ രാജ്ഞി തന്നെ അവിടത്തെ നദിയില്‍ കുളിച്ചു, ശുദ്ധമായ വെള്ളമാണുള്ളതെന്ന് കാട്ടിക്കൊടുക്കുന്നു. നമുക്കും ഇത് നേടാനാകും. അതിനുള്ള തുക കണ്ടെത്താനും മാര്‍ഗങ്ങള്‍ കണ്ടു വച്ചിട്ടുണ്ട്. നദി സംരക്ഷണം നാട്ടില്‍ പലയിടത്തും ജനങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.
പച്ചക്കറികള്‍ വിഷമയമല്ലാതാക്കാന്‍ ഒരു വലിയ പദ്ധതി ഗവ തുടങ്ങി വച്ചു അത് പൂര്‍ത്തിയാകുന്നതിനു മുന്‍പാണ് പ്രളയം എല്ലാം നശിപ്പിച്ചത്. അതുകൊണ്ട് നമ്മള്‍ കുറച്ചൊന്നു പിറകിലേക്ക് പോയി. എങ്കിലും നമ്മള്‍ ലക്ഷ്യ സ്ഥാനത്തേക്കടുക്കുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു. ആദ്യം മലയാളത്തിലും പിന്നെ ഇംഗ്ലീഷിലുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ചടങ്ങില്‍ ധനകാര്യ മന്ത്രി തോമസ് ഐസക്, കെ.എസ്.എഫ്.ഇ എം.ടി പുരുഷോത്തമന്‍, കിഫ്ബി സി.ഇ.ഒ ഡോ എബ്രഹാം, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ ഫിലിപോസ് തോമസ് എന്നിവര്‍ സംസാരിച്ചു.