കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണയില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു. ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളമാണ് തുറന്നുവിടുന്നത്. തടയണ പൊളിച്ചുമാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പൊളിച്ചുനീക്കല്‍ താമസിക്കുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് തടയണ പൊളിക്കണമെന്ന് സര്‍ക്കാരിന് വിദഗ്ദ സമിതി നിര്‍ദേശമുണ്ടായിരുന്നു. ഇതിനെല്ലാമൊടുവിലാണ് തടയണ പൊളിക്കാനുള്ള നടപടി തുടങ്ങിയത്.
തടയണ പൊളിക്കുന്നതിന്റെ ഭാഗമായി ഇതില്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്ന വെള്ളം തുറന്നുവിടുകയാണ് ചെയ്തിരിക്കുന്നത്. മെയ് 23 ന് മുമ്പ് തടയണ പൊളിച്ച് വെള്ളം ഒഴുക്കി വിട്ടതിന് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി പുരോഗമിക്കുന്നത്. ജെസിബി ഉപയോഗിച്ച് തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം തുറന്നുവിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
രണ്ടുദിവസം കൊണ്ട് തടയണ വറ്റിച്ചതിന് ശേഷം ഇതിന്റെ ചിത്രങ്ങള്‍ ജില്ലാ കലക്ടറിന് സമര്‍പ്പിക്കും. തടയണയുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷമായി നിയമ പോരാട്ടം നടന്നു വരുകയായിരുന്നു. പി.വി അന്‍വറിന്റെ പേരില്‍ ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇത്. കേസ് വന്നപ്പോള്‍ ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു.
Leave a Comment