ഐപിഎല്‍ ഫൈനലിലെ എതിരാളികളാരെന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ. സ്വന്തം കഴിവുകളിലാണ് മുംബൈ വിശ്വസിക്കുന്നതെന്നും മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് രോഹിത് പറഞ്ഞു. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് കലാശപ്പോരില്‍ മുംബൈയുടെ എതിരാളി.
ഹൈദരാബാദില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് ക്ലാസിക് ഫൈനല്‍ ആരംഭിക്കുന്നത്. ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16 ഉം ചെന്നൈക്ക് 11 ഉം ജയം വീതമാണുള്ളത്. നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയികളെ കാത്തിരിക്കുമ്പോള്‍ ഐപിഎല്ലിലെ എല്‍ക്ലാസ്സിക്കോ ഫൈനല്‍ ക്ലാസ്സിക്ക് പോരാട്ടം സമ്മാനിക്കുമെന്ന് ഉറപ്പിക്കാം.
ചെന്നൈക്കെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ചരിത്രം മുംബൈ ഇന്ത്യന്‍സിന് അനുകൂലമാണ്. മൂന്ന് വട്ടം ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ചെന്നൈയെ മുംബൈ വീഴ്ത്തി. ഈ സീസണില്‍ നേര്‍ക്കുനേര്‍ വന്ന മൂന്ന് വട്ടവും മുംബൈക്ക് മുന്നില്‍ ചെന്നൈക്ക് അടിതെറ്റി. ഒരു തവണ പോലും ചെന്നൈക്ക് 135നപ്പുറം കടക്കാനായില്ലെന്നതും മുംബൈയുടെ കരുത്തിന് തെളിവാണ്. എന്നാല്‍ എട്ടാം ഫൈനലിന് ഇറങ്ങുന്ന ചെന്നൈ ധോണിയുടെ തന്ത്രങ്ങളില്‍ ഏത് കൊമ്പന്‍മാരെയും തളയ്ക്കാന്‍ പോന്നവരാണ്.
Leave a Comment