കൊച്ചി: വൈദ്യുതിതടസ്സം പൂര്‍ണമായും ഒഴിവാക്കാനായി പുതിയ സംവിധാനവുമായി വൈദ്യുതിബോര്‍ഡ്. നഗര-ഗ്രാമപ്രദേശങ്ങളില്‍ രണ്ടുസ്രോതസ്സുകളില്‍നിന്നായി വൈദ്യുതി എത്തിക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഒരു ഫീഡറില്‍നിന്ന് തടസ്സമുണ്ടായാല്‍ മറ്റൊരു ഫീഡറില്‍നിന്ന് വൈദ്യുതിയെത്തിക്കുന്ന സംവിധാനമാണിത്.
ഊര്‍ജ കേരള മിഷന്റെ ‘ദ്യുതി 2021’ വഴിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. വിതരണമേഖലയില്‍ 7626 പ്രവൃത്തികള്‍ക്ക് 4035.57 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. 2021-ഓടെ പദ്ധതി പൂര്‍ത്തിയാക്കും. പുതിയ ഹൈടെന്‍ഷന്‍ ലൈനുകള്‍ നിര്‍മിക്കുക, ലോഡ് സെന്ററുകളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുക, ശേഷികുറഞ്ഞ ലൈനുകള്‍ മാറ്റുക എന്നിവയാണ് പദ്ധതിയിലുള്ളത്.
പ്രസരണനഷ്ടം പരമാവധി കുറയ്ക്കാനുള്ള സംവിധാനമൊരുക്കും. അപകടകരവും ഗതാഗതതടസ്സം സൃഷ്ടിക്കുന്നതുമായ വൈദ്യുതി വിതരണ ലൈനുകള്‍ കാലാനുസൃതമായി പുനഃക്രമീകരിക്കും.
വൈദ്യുതിതടസ്സം കൂടുതലുള്ള സ്ഥലങ്ങളില്‍ ഭൂഗര്‍ഭകേബിളുകള്‍ ഇട്ടുതുടങ്ങിയിട്ടുണ്ട്. തെരുവുവിളക്കുകള്‍ക്കായി റിമോട്ട് കണ്‍ട്രോള്‍ സ്വിച്ച് ബോക്‌സുകള്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ സ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.