ദില്ലി: നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് സൈനികന്‍ തേജ് ബഹാദൂര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കഴമ്പില്ലെന്ന കാരണത്താല്‍ ഹര്‍ജി തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണാസിയില്‍നിന്ന് മത്സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സൈനിക സേവനത്തില്‍നിന്നോ സര്‍ക്കാര്‍ സര്‍വീസില്‍നിന്നോ പുറത്താക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല, ഇത് ചൂണ്ടിക്കാട്ടി വാരാണാധികാരി നാമനിര്‍ദേശപത്രിക തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കമ്മീഷന്റെ നടപടി ഏകപക്ഷീയമാണെന്ന് കാട്ടി തേജ് ബഹാദൂര്‍ ഹര്‍ജി നല്‍കിയത്. തന്നെ പുറത്താക്കിയത് അച്ചടക്കനടപടിയെ തുടര്‍ന്നായിരുന്നെന്നും അഴിമതി കാണിച്ചതിനല്ലെന്നും തേജ് ബഹാദൂര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹര്‍ജിയില്‍ വാദിക്കുവേണ്ടി ഹാജരായത്.
Leave a Comment