ബാഴ്‌സയെ തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍

ലിവര്‍പൂളിന്റെ സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റമ്പിയവര്‍ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സയുടെ വലയില്‍ മടക്കമില്ലാത്ത നാല് ഗോളുകള്‍ അടിച്ചുകയറ്റിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

4-3 എന്ന ഗോള്‍ശരാശരിയിലാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശം. മുന്‍നിര താരങ്ങളായ സലയും ഫര്‍മിനോയുമില്ലാതെയാണ് ലിവര്‍പൂള്‍ ഈ ജയം സ്വന്തമാക്കിയത്. ലിവപൂളത്തിന്റെ ഒന്‍പതാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. ഇതാദ്യമാണ് മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ ഒരു ടീം ആദ്യപാദത്തില്‍ മൂന്ന് ഗോളിന് തോറ്റശേഷം ഇത്തരത്തില്‍ തിരിച്ചുവന്ന് ജയിക്കുന്നത്.

ലയണല്‍ മെസ്സി വെറും കാഴ്ചക്കാരനായിപ്പോയ മത്സരത്തില്‍ ഒറിഗിയും വെയ്‌നാല്‍ഡമും നേടിയ ഇരട്ടഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ബാഴ്‌സയെ നാണംകെടുത്തിയത്. ഏഴാം മിനിറ്റിലായിരുന്നു ഒറിഗിയുടെ ആദ്യഗോള്‍. ഒരു ഷോട്ട് ഗോളി ആദ്യം കുത്തിയകറ്റിയെങ്കിലും ഓടിവന്ന ഒറിഗി അനായാസം പന്ത് വലയിലാക്കി. പൂര്‍ണമായും ബാഴ്‌സ പ്രതിരോധത്തിന്റെ വീഴ്ചയാണ് ആ ഗോള്‍ സമ്മാനിച്ചത്.

1-0 എന്ന സ്‌കോറില്‍ ഒന്നാം പകുതിക്ക് പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി ആന്‍ഡഫീല്‍ഡ് അവിശ്വസനീയമായൊരു അത്ഭുതം ചെപ്പില്‍ ഒളിപ്പിച്ചിരുന്നെന്ന് ആരും നിനച്ചില്ല. ബാഴ്‌സയുടെ ദുരന്തം വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ജോര്‍ഡി ആല്‍ബയുടെ ഒരു പിഴവാണ് തുടക്കമിട്ടത്. റോബര്‍ട്ട്‌സന് പകരമിറങ്ങിയ വെയ്‌നാല്‍ഡമാണ് ക്രോസ് നെറ്റിലാക്കിയത്. രണ്ട് മിനിറ്റിനുള്ളില്‍ ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് വെയ്‌നാല്‍ഡം തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറിയും ഒരു ക്രോസ് അതിമനോഹരമായി കണക്റ്റ് ചെയ്യുകയായിരുന്നു.

എഴുപത്തിയൊന്‍പതാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ആര്‍ണോള്‍ഡ് ബുദ്ധിപൂര്‍വം എടുത്ത അതിവേഗത്തിലുള്ള ക്രോസ് ഒരു വലങ്കാലന്‍ ബുള്ളറ്റിലൂടെയാണ് ഒറിഗി വലയിലാക്കി ലിവര്‍പൂളിന് ഫൈനലിലേയ്ക്കുള്ള ടിക്കറ്റ് ഉറപ്പാക്കിക്കൊടുത്തത്.

pathram:
Related Post
Leave a Comment