സംസ്ഥാനത്തിന്റെ വികസനം തകര്‍ക്കുന്നവരെ ജനം തിരിച്ചറിയണം; ശ്രീധരന്‍പിള്ളയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയപാതാ വികസനത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിയ്ക്കും ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയും. കേന്ദ്രത്തിന് രഹസ്യമായി കത്തയച്ച് സംസ്ഥാനത്തിന്റെ വികസനം തകര്‍ക്കുന്നവരെ ജനം തിരിച്ചറിയണമെന്നും അവര്‍ നാടിന് ബാദ്ധ്യതയാണെന്നും ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടേത് സാഡിസ്റ്റ് മനോഭാവമാണെന്നും പിണറായി പറഞ്ഞു.

കേന്ദ്രം കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹണരണമാണ് ദേശീയപാതാ വികസന അതോറിറ്റി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുന്നത്. കേരളത്തെ തകര്‍ക്കുന്ന സംഘടനയാണ് സംഘപരിവാര്‍. വികസനം തടയാന്‍ അവര്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് ശ്രീധരന്‍പിള്ളയുടെ കത്ത്. പരാതി ഉണ്ടെങ്കില്‍ അത് ശ്രീധരന്‍പിള്ള അറിയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിനെ ആയിരുന്നു. അല്ലാതെ രഹസ്യമായി കത്തയച്ച് വികസനത്തിന് കത്തി വെയ്ക്കുയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. കത്തയച്ച ശേഷം പ്രളയത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ പാതാ വികസനത്തില്‍ കേരളത്തെ തഴയുന്ന മനോഭാവമാണ് കേന്ദ്രത്തിന്റേത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തി വെയ്ക്കുന്ന കാര്യം പറയുന്നത്. ഒരു ചര്‍ച്ചയും നടത്താതെയാണ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം എടുത്തത്. ഇതിനായി ഒരു കാരണവും പറയാനില്ല. ഇതോടെ അടുത്ത രണ്ടു വര്‍ഷത്തേക്ക് ദേശീയപാതാ വികസനം സ്തംഭിച്ചു. സ്ഥലമേറ്റെടുപ്പ് വൈകുന്ന സാഹചര്യത്തില്‍ ഭൂമിവില ഇനിയും ഉയരും. ഇതിലൂടെ കേന്ദ്രം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വികസനത്തിന്റെ ചിറകരിയലാണ്.

കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. കേരളത്തെ അവഗണിക്കുന്ന കേന്ദ്രം അര്‍ഹതപ്പെട്ട വിഹിതം പോലും നല്‍കുന്നില്ല. റെയില്‍വേ സോണും എയിംസുമെല്ലാം അവഗണിച്ചു. പ്രളയം പോലെയുള്ള പ്രതിസന്ധി ഘട്ടത്തില്‍ പോലും സഹായിച്ചില്ല. വിദേശത്ത് നിന്നും കിട്ടാവുന്ന സഹായം പോലും തടഞ്ഞു. ദേശീയ പാതാ വികസനത്തിന് കേരളം ഒരുമിച്ച് നില്‍ക്കണമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രി പിന്തുണച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു.

pathram:
Related Post
Leave a Comment