50% വിവിപാറ്റുകള്‍ എണ്ണേണ്ടതില്ല; പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. 21 പാര്‍ട്ടികള്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന പോളിംഗില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വന്ന തകരാറുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികളില്‍ വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കേന്ദ്രം വിശ്വാസത്തിലെടുക്കുകയായിരുന്നു.

ഏറ്റവുമൊടുവില്‍ വന്ന സുപ്രീംകോടതി വിധി പ്രകാരം ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് രസീതുകള്‍ എണ്ണിത്തന്നെയാകും ഇത്തവണ വോട്ടെണ്ണല്‍ നടക്കുക. വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ വലിയ സമയം വേണ്ടിവരുമെന്നും ഫലപ്രഖ്യാപനം ദിവസങ്ങള്‍ നീളുമെന്നും നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് മെഷീനുകള്‍ എടുത്ത് അതിലെ രസീതുകള്‍ എണ്ണി കൃത്യത പരിശോധിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി വിധിച്ചത്.

വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് വിവി പാറ്റ്. വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാന്‍ വോട്ടര്‍മാരെ ഇത് സഹായിക്കുന്നു. പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നെങ്കില്‍ വോട്ടെണ്ണല്‍ പ്രക്രിയ ദിവസങ്ങള്‍ നീളുമായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന് കുത്തിയ വോട്ടുകള്‍ ബിജെപിക്ക് വീണതായി പരാതി ഉയര്‍ന്നെന്നും, സമാനമായ പരാതികള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ പ്രതിപക്ഷം വാദിച്ചിരുന്നു.

pathram:
Leave a Comment