തൃശൂര്‍ പൂരം ഇന്നു കൊടിയേറും

തൃശൂര്‍: ഉത്സവപ്രേമികള്‍ കാത്തിരുന്ന പൂരാവേശത്തിനു തുടക്കം. വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഇന്നു കൊടിയേറ്റ്. രാവിലെ 11.30-നു തിരുവമ്പാടി ക്ഷേത്രത്തിലും ഉച്ചയ്ക്ക് 12-നു പാറമേക്കാവ് ക്ഷേത്രത്തിലും പൂരപ്പതാകകളുയരും. അതോടെ ശക്തന്റെ തട്ടകം പൂരത്തിരക്കിലമരും.

പാറമേക്കാവ് മണികണ്ഠനാലിലും തിരുവമ്പാടി നടുവിലാലിലും നായ്ക്കനാലിലും ആനപ്പുറത്ത് എഴുന്നള്ളിയെത്തുമ്പോള്‍ അവിടെയും കൊടികളുയര്‍ത്തും. 13-നാണ് തൃശൂര്‍പൂരം. ഇനിയുള്ള കാത്തിരിപ്പ് സാമ്പിള്‍ വെടിക്കെട്ടിനാണ്. 11-ന് സന്ധ്യയ്ക്ക് ഏഴിനു തിരുവമ്പാടി വിഭാഗം ആദ്യം തീകൊളുത്തും.

കോടതി ഉത്തരവോടെ വെടിക്കെട്ടു സംബന്ധിച്ച പരാതികള്‍ക്കു പരിഹാരമാകുമെന്ന് ഭാരവാഹികള്‍ പ്രതികരിച്ചു. കോടതിയുടെ പുതിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു തന്നെ അപേക്ഷ നല്‍കും. സ്വരാജ്റൗണ്ടിലെ മൂന്നു പൂരപ്പന്തലുകളും നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്. പൂരം നടത്തിപ്പുകാരായ പാറമേക്കാവും തിരുവമ്പാടിയും അവസാനവട്ട ഒരുക്കത്തിന്റെ ഫിനിഷിങ് പോയിന്റിലാണ്. വര്‍ണ അമിട്ടുകളിലും കുടകളിലും ഇക്കുറി വന്‍ വൈവിധ്യമുണ്ടാകും.

തിരുവമ്പാടിയുടെ കൊടിക്കൂറ സപ്തവര്‍ണങ്ങളിലാണ്. നീല, പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, റോസ്, മഞ്ഞ നിറങ്ങളാണ് കൂട്ടിക്കെട്ടുക. ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത് എന്നിവര്‍ ഭൂമിപൂജ നടത്തിയശേഷം പൂജിച്ച കൊടിക്കൂറ തട്ടകക്കാര്‍ കൊടിമരത്തിലുയര്‍ത്തും. ഉച്ചയ്ക്ക് മൂന്നിന് ക്ഷേത്രത്തില്‍നിന്ന് പൂരം പുറപ്പാട് തുടങ്ങും. കൊമ്പന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. മൂന്നരയ്ക്ക് പൂരം പുറപ്പാട് നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരക്കൊടികളുയരും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ടോടെ ഭഗവതി തിരിച്ചെഴുന്നള്ളും. തുടര്‍ന്ന് പറയെടുപ്പുകള്‍.

പാറമേക്കാവില്‍ വലിയപാണി കൊട്ടി പുറത്തേക്ക് എഴുന്നള്ളിയശേഷം ക്ഷേത്രത്തിനു മുന്നിലെ കൊടിമരത്തില്‍ ദേശക്കാര്‍ ആര്‍പ്പുവിളികളോടെ കൊടിയുയര്‍ത്തും. പറവട്ടാനി ചെമ്പില്‍ നീലകണ്ഠനാശാരിയുടെ മക്കളായ കുട്ടനാശാരിയും കണ്ണനുമാണ് കൊടിമരം തയ്യാറാക്കുന്നത്. ക്ഷേത്രത്തിനകത്തു പാലമരത്തിലും കൊടിയേറ്റും.

സിംഹമുദ്രയുള്ള മഞ്ഞക്കൊടിയാണ് പാറമേക്കാവിന്റേത്. ആലില, മാവില,ദര്‍ഭപ്പുല്ല് എന്നിവ കെട്ടിയലങ്കരിച്ചതാണ് കൊടിമരം. ക്ഷേത്രത്തിനു മുന്നില്‍ അഞ്ച് ആനകള്‍ അണിനിരക്കും. കൊമ്പന്‍ പാറമേക്കാവ് ദേവീദാസന്‍ തിടമ്പേറ്റും. എഴുന്നള്ളിപ്പ് വടക്കുംനാഥന്‍ ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് കൊക്കര്‍ണിപറമ്പിലെ തീര്‍ഥകുളത്തില്‍ ആറാടി തിരിച്ചെത്തും. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ പറയെടുപ്പു തുടങ്ങും. തേക്കിന്‍കാട്‌ െമെതാനിയില്‍ കൊടിയുയര്‍ത്തുമ്പോള്‍ ഇരുവിഭാഗവും വെടിക്കെട്ടു നടത്തും.

തൃശൂര്‍പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് മുന്‍കാലങ്ങളിലെപ്പോലെ നടത്താമെന്നു വീണ്ടും സുപ്രീം കോടതി. കഴിഞ്ഞ വര്‍ഷങ്ങളിലേതിനു സമാനമായി പൂരം വെടിക്കെട്ടു നടത്താനാണ് കഴിഞ്ഞ 11-ന് ഉത്തരവിട്ടതെന്നു കോടതി നിരീക്ഷണം നടത്തിയതോടെ സംഘാടകര്‍ക്കു ആശ്വാസം. ഇതിനായുള്ള പുതിയ അപേക്ഷ എക്സ്പ്ലോസീവ് ചീഫ് കണ്‍ട്രോളര്‍ക്കു നല്‍കാന്‍ ദേവസ്വങ്ങളോടു കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ 11-ന് വെടിക്കെട്ടിന് അനുമതി നല്‍കി സുപ്രീംകോടതി വിധിപറഞ്ഞിരുന്നു. എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ക്കു ചട്ടപ്രകാരം അപേക്ഷ നല്‍കി അനുമതി സമ്പാദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓലപ്പടക്കം ഒന്നായി കൂട്ടിക്കെട്ടി പൊട്ടിക്കാന്‍ പാടില്ലെന്ന കാരണത്താല്‍ അപേക്ഷ കണ്‍ട്രോളര്‍ തള്ളി.

ഇതേത്തുടര്‍ന്നാണ് വിശദീകരണവിധി നല്‍കണമെന്നാവശ്യപ്പെട്ടഒ സംഘാടകര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. പതിവുപോലെ വെടിക്കെട്ടു നടത്താനാണ് അനുമതി നല്‍കിയതെന്നു ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. എന്നാല്‍ കണ്‍ട്രോളറുടെ അനുമതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയതോടെ കോടതിയുടെ നിരീക്ഷണം കൂടി ഉള്‍പ്പെടുത്തി പുതിയ അനുമതിപത്രത്തിനു അപേക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അഡ്വ.ബസന്താണ് പൂരം സംഘാടകര്‍ക്കു വേണ്ടി ഹാജരായത്.

pathram:
Related Post
Leave a Comment