കേരളത്തില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ സജ്ജര്‍; ചാവേറുകളാകാന്‍ കൂടുതല്‍ പേര്‍ക്ക് താല്‍പര്യം; റിക്രൂട്ട്‌മെന്റ് തുടരുന്നു

കേരളത്തില്‍ സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആസൂത്രിത പദ്ധതികളുമായി ഭീകരര്‍ സജ്ജരാണെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ഏതുവിധേനയും സ്‌ഫോടനം നടത്താനുള്ള ചാവേറുകളാകാന്‍ കൂടുതല്‍പ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാസര്‍കോടുനിന്ന് സിറിയയിലേക്ക് കടന്ന മലയാളിയുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികളെ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായും എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ തൃശ്ശൂര്‍ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി അടക്കമുള്ള സ്ഥലങ്ങളുമാണ് ഭീകരരുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളതെന്നാണ് സൂചനകള്‍.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍.ഐ.എ. അറസ്റ്റുചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് ഐ.എസിനുവേണ്ടി ചാവേറാകാന്‍ താത്പര്യമുണ്ടായിരുന്നെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.

കേരളത്തില്‍ ഐ.എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും റിയാസും സഹായികളും പരമാവധി ശ്രമിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ചാവേറാക്രമണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും സംഘത്തിലെ ചിലരുടെ നിസ്സഹകരണംമൂലം പദ്ധതി പാളുകയായിരുന്നെന്നും എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടിലുണ്ട്.

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സൗദി അറേബ്യയില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലും ഗൗരവത്തോടെയാണ് എന്‍.ഐ.എ. കാണുന്നത്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞദിവസം സൗദി പോലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് കാസര്‍കോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐ.എസ്. റിക്രൂട്ട്മെന്റില്‍ പ്രധാന പങ്കുണ്ടെന്നാണ് എന്‍.ഐ.എ. കരുതുന്നത്.

ഐ.എസ്. റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ സ്ഫോടനപരമ്പരകള്‍ക്കുള്ള ആഹ്വാനം നടക്കുന്നതെന്നാണ് സൂചന. റാഷിദ് അബ്ദുല്ലയുടെ ശബ്ദസന്ദേശമാണ് റിയാസ് അടക്കമുള്ളവരെ ഭീകരവാദത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്നും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.

ഐ.എസിന്റെ ലക്ഷ്യത്തെപ്പറ്റി വിശദീകരിച്ച് അതില്‍ ചേരാനാണ് റാഷിദിന്റെ ശബ്ദസന്ദേശത്തിലെ ആദ്യത്തെ ആഹ്വാനം. സംഘടനയില്‍ കയറാന്‍ സാധിക്കാത്തവര്‍ സാമ്പത്തിക പിന്തുണ നല്‍കാനെങ്കിലും തയ്യാറാകണം. സാമ്പത്തിക പിന്തുണ നല്‍കാന്‍ സാധിക്കാത്തവര്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതില്‍ പരമാവധി സഹായങ്ങള്‍ ചെയ്യണമെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.

കാസര്‍കോടുനിന്ന് സിറിയയിലേക്ക് കടന്ന ഫിറോസ് ഖാന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഐ.എസ്. റിക്രൂട്ട്മെന്റ് ശ്രമങ്ങള്‍ തുടരുന്നതെന്നാണ് എന്‍.ഐ.എ. പറയുന്നത്. സിറിയയില്‍നിന്നുവരുന്ന ഫിറോസിന്റെ സന്ദേശങ്ങളെല്ലാം ഐ.എസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്നവയാണ്. ഫിറോസിനെ പിടികൂടാനായാല്‍ കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment