സംസ്ഥാനത്തെ ഏല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇനി ബയോമെട്രിക് പഞ്ചിങ് സംവിധാനം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയംഭരണ-ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

എല്ലാ വകുപ്പുകളിലും ആറുമാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ മൂന്നുമാസത്തിനകവും ശമ്പളവിതരണ സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാവും.

നിലവില്‍ സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന ഓഫീസുകളില്‍ മാത്രമാണ് പഞ്ചിങ് മെഷീനെ ശമ്പളവിതരണ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എല്ലായിടത്തും പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാന്‍ ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ വെബ്സൈറ്റില്‍ പരാമര്‍ശിച്ചിട്ടുള്ള യു ഐ ഡി എ ഐ അംഗീകാരമുള്ള ആധാര്‍ അധിഷ്ഠിത ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനമാണ് ഓഫീസുകളില്‍ സ്ഥാപിക്കേണ്ടത്. മെഷീനുകള്‍ നേരിട്ടോ കെല്‍ട്രോണ്‍ മുഖാന്തരമോ വേണം വാങ്ങാന്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7