കോഴിക്കോട്: കേരളത്തില്‍ നാളെ (060519) റംസാന്‍ വ്രതാരംഭം. ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. തിരുവനന്തപുരത്തും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.
റംസാനു വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഇനി രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന പുണ്യദിനങ്ങള്‍. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകള്‍. മുഴുവന്‍ സമയവും പള്ളികളില്‍ ചെലവഴിച്ചും, ദാന ധര്‍മങ്ങളില്‍ മുഴുകിയും സ്വയം നവീകരണത്തിന്റെ ദിനങ്ങളാണ് ഇനി. ഓരോ പുണ്യ പ്രവര്‍ത്തിക്കും 700 ഇരട്ടി വരെ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.