ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 171 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെയും സുരേഷ് റെയ്‌നയുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്.
ഷെയ്ന്‍ വാട്‌സണ്‍(7) പതിവുപോലെ നിരാശപ്പെടുത്തിയെങ്കിലും ഡൂപ്ലെസിയും റെയ്‌നയും അടിച്ചുതകര്‍ത്തതോടെ ചെന്നൈ വലിയ സ്‌കോറിലേക്ക് കുതിച്ചു. പതിനാറാം ഓവറില്‍ 150ല്‍ എത്തിയ ചെന്നൈക്ക് പക്ഷെ അവസാന നാലോവറില്‍ അടിച്ചുതകര്‍ക്കാനായില്ല. റെയ്‌നയെ(38 പന്തില്‍ 53) സാം കറന്‍ പുറത്താക്കിയശേഷം ഒന്നിന് പുറകെ ഒന്നായി വിക്കറ്റുകള്‍ നഷ്ടമായത് ചെന്നൈയുടെ സ്‌കോറിംഗ് വേഗം കുറച്ചു.
55 പന്തില്‍ 96 റണ്‍സെടുത്ത ഡൂപ്ലെസിയും പതിനെട്ടാം ഓവറില്‍ വീണു. അവസാന ഓവറില്‍ ധോണിക്കും(12 പന്തില്‍ 10 നോട്ടൗട്ട്) കാര്യമായി ഒന്നും ചെയ്യാനായില്ല. പഞ്ചാബിനായി ഷമി 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാം കറന്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
Leave a Comment