കോളേജില്‍ പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്; പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല; ആര്‍ക്കെതിരെയും പരാതിയില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി

തിരുവനന്തപുരം: ആര്‍ക്കെതിരെയും പരാതിയില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല, പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്.

അധ്യയന ദിവസങ്ങള്‍ നഷ്ടമായി കൊണ്ടിരുന്നു, ഈ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു . അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയിയെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് വിശദമാക്കിയിരുന്നു.

പരീക്ഷയുടെ തലേ ദിവസം നേരെത്തെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിച്ചുവെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ശരീരത്തില്‍ പിടിച്ചു തടഞ്ഞു നിര്‍ത്തിയെന്ന് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു. ആത്മഹത്യ പ്രേരണക്കു കാരണക്കാര്‍ യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളുമെന്നും പെണ്‍കുട്ടി കുറിപ്പില്‍ ആരോപിച്ചിരുന്നു.

pathram:
Leave a Comment