നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ എന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണോ അതോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച മറുപടി അറിയിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്നകാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അങ്ങനെയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടിമുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി പരിഗണിച്ചത്.

മെമ്മറി കാര്‍ഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

pathram:
Related Post
Leave a Comment