ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു റണ്‍സിന് ബംഗളൂരുവിനോട് തോറ്റതിന് കാരണം ക്യാപ്റ്റന്‍ ധോണിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പത്തൊമ്പതാം ഓവറില്‍ ധോണി ഓടാതിരുന്ന മൂന്ന് സിംഗിളുകളാണ് തോല്‍വിക്ക് കാരണമെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ്. ഡ്വയിന്‍ ബ്രാവോയെപ്പോലെ വലിയൊരു ബിഗ് ഹിറ്റര്‍ മറുവശത്തുണ്ടായിട്ടും മൂന്ന് തവണ സിംഗിളുകള്‍ എടുക്കാനുള്ള അവസരം ധോണി നിഷേധിച്ചിരുന്നു.
അവസാന രണ്ടോവറില്‍ ജയത്തിലേക്ക് 36 ഉം അവസാന ഓവറില്‍ ജയത്തിലേക്ക് 26 ഉം റണ്‍സായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സടിച്ച് വിസ്മയകരമായ പ്രകടനം പുറത്തെടുത്തെങ്കിലും ധോണി ഓടാതിരുന്ന ആ സിംഗിളുകളെ ഓര്‍ത്താണ് ആരാധകരുടെ ദു:ഖം. എന്നാല്‍ ഇക്കാര്യത്തില്‍ ധോണിയെ വിമര്‍ശിക്കേണ്ടെന്നാണ് ചെന്നൈ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിംഗ് പറയുന്നത്.
അവസാന ഓവറുകളില്‍ ധോണിയുടെ കണക്കുക്കൂട്ടലുകളെ ഒരിക്കലും സംശയിക്കേണ്ട കാര്യമില്ലെന്ന് ഫ്‌ലെമിംഗ് പറഞ്ഞു. ശരിയാണ് ബ്രാവോ ബിഗ് ഹിറ്ററാണ്. എന്നാല്‍ ഈ രീതിയില്‍ കളി ജയിക്കാം എന്ന ധോണിയുടെ കണക്കുക്കൂട്ടലിനെ ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ ധോണിയെ പൂര്‍ണമായും പിന്തുണക്കുന്നുവെന്നും ഫ്‌ലെമിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ധോണി സമാനാമായ രീതിയില്‍ ഒരുപാട് മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുണ്ട്. ഇന്നലെയും വിജയത്തിന് തൊട്ടടുത്തെത്തിച്ചു. അതുകൊണ്ട് ഇക്കാര്യത്തില്‍ ധോണിയെ സംശയിക്കേണ്ട കാര്യമില്ല. എത്ര പന്തുകള്‍ ബാക്കിയുണ്ട്, എത്ര സിക്‌സറുകള്‍ അടിക്കാം എന്നിങ്ങനെയാണ് ധോണി കണക്കുക്കൂട്ടുന്നത്. ആ സമയം ആ സിക്‌സറുകളടിക്കാന്‍ കഴിയുക തനിക്കാണെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും. തന്റെ കരുത്തിന് അനുസരിച്ചാണ് ധോണി അവസാന ഓവറുകളില്‍ കണക്കുകൂട്ടല്‍ നടത്തുന്നതെന്നും ഫ്‌ലെമിംഗ് പറഞ്ഞു.
Leave a Comment