ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണം; സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിങ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായി ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിങ്. തനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനാണ് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തില്‍ സിറ്റിങ് ചേര്‍ന്നത്. സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് അടിയന്തിര സിറ്റിങ് നടത്തിയത്.

ഇപ്പോള്‍ ആരോപണം ഉന്നയിച്ച സ്ത്രീയെ സുപ്രീം കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വര്‍ഷം മുന്‍പ് പിരിച്ചുവിട്ടിരുന്നു. ഈ കേസ് ഇന്ന് പട്യാല കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പുറത്തുവന്നത്.

തനിക്കെതിരായി ഉയര്‍ന്ന ആരോപണം വിശദീകരിക്കുന്നതിനാണ് അടിയന്തിര സിറ്റിങ് നടത്തിയതെന്നാണ് ചീഫ് ജസ്റ്റിസ് കോടതിയില്‍ വ്യക്തമാക്കി. തനിക്കെതിരെ വലിയ ഗൂഡലാലോചനയാണ് നടക്കുന്നത്. തനിക്ക് ആകെയുള്ളത് ആറ് ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് മാത്രമാണ്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ നിസ്വാര്‍ഥ സേവനം നടത്തുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. ആരോപണം സംബന്ധിച്ച് താന്‍ ഉള്‍പ്പെടാത്ത ബെഞ്ച് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് കോടതി മുമ്പാകെ ആവശ്യപ്പെട്ടു.

എല്ലാ ജീവനക്കാരോടും ബഹുമാനത്തോടു മാത്രമേ പെരുമാറിയിട്ടുള്ളൂ. പരാതിക്കാരിയായ ജീവനക്കാരിയുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു എന്നും ചീഫ് ജസ്റ്റിസ് തുറന്ന കോടതിയില്‍ പറഞ്ഞു. ഇവര്‍ക്കെതിരെ രണ്ടു കേസുകളുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ക്കെതിരെ വീണ്ടും കേസുകള്‍ വന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

കാരവന്‍, സ്‌ക്രോള്‍, ലീഫ്ലെറ്റ് എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലാണ് തനിക്കെതിരായി വാര്‍ത്ത വന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടു കൂടി വാര്‍ത്തകള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അടുത്ത ആഴ്ച നിര്‍ണായകമായ കേസുകള്‍ പരിഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് തനിക്കെതിരായ ഈ ആരോപണം എന്നും അദ്ദേഹം ആരോപിച്ചു. പണം നല്‍കി തന്നെ ആര്‍ക്കും സ്വാധീനിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7