ഐപിഎല്ലില്‍ ധവാന്‍- പന്ത് കൂട്ടുകെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്റെ വമ്പന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ ഡല്‍ഹി സ്വന്തമാക്കി. പന്ത് 46 റണ്‍സെടുത്തപ്പോള്‍ ധവാന്‍(63 പന്തില്‍ 97) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ പൃഥ്വി ഷായെയും(14) ശ്രേയസ് അയ്യരെയും(6) തുടക്കത്തിലെ ഡല്‍ഹിക്ക് നഷ്ടമായി. പ്രസിദിനും റസലിനുമായിരുന്നു വിക്കറ്റ്. എന്നാല്‍ 32 പന്തില്‍ അമ്പത് തികച്ച ധവാന്‍, പന്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റാണയുടെ 18-ാം ഓവറിലെ ആദ്യ പന്തില്‍ ഋഷഭ്(31 പന്തില്‍ 46) പുറത്തായെങ്കിലും ഡല്‍ഹി ജയത്തിലെത്തി. ധവാന്‍ സെഞ്ചുറി തികയ്ക്കുമെന്ന് തോന്നിച്ചെങ്കിലും സിക്സടിച്ച് ഇന്‍ഗ്രാം ജയിപ്പിക്കുകയായിരുന്നു. ഇന്‍ഗ്രാം(6 പന്തില്‍ 14) പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. 65 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആന്ദ്രേ റസ്സല്‍ 21 പന്തില്‍ 45 റണ്‍സ് നേടി പുറത്തായി. ഡല്‍ഹിക്കായി കഗിസോ റബാദ, കീമോ പോള്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.
ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍ ജോ ഡെന്‍ലിയെ നഷ്ടമായി. ഒരു തകര്‍ച്ചയെ തോന്നിപ്പിച്ചെങ്കിലും പിന്നീട് ഒത്തുച്ചേര്‍ന്ന് ഗില്‍- റോബിന്‍ ഉത്തപ്പ (30 പന്തില്‍ 28) സഖ്യം 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഉത്തപ്പയും നിതീഷ് റാണയും (11) പുറത്തായെങ്കിലും റസല്‍ ഒരിക്കല്‍കൂടി മികച്ച ഇന്നിങ്സ് പുറത്തെടുത്തു. ഇതിനിടെ ഗില്ലും ദിനേശ് കാര്‍ത്തികും (മൂന്ന് പന്തില്‍ രണ്ട്) പുറത്തായതും കൊല്‍ക്കത്തയുടെ ഇന്നിങ്സിനെ ബാധിച്ചു. കാര്‍ലോസ് ബ്രാത്വെയ്റ്റിനും (6) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. പിയൂഷ് ചൗള (14), കുല്‍ദീപ് യാദവ് (2) എന്നിവര്‍ പുറത്താവാതെ നിന്നു.
Leave a Comment