ലോകാരോഗ്യ ദിനത്തില്‍ ‘നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം; വേറിട്ട സന്ദേശവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍

കൊല്ലം : തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ലോകാരോഗ്യദിനത്തിന്റെ ഭാഗമായി ‘നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം’ എന്ന സന്ദേശ പ്രചാരണത്തിനായി കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍ എത്തി. കൊല്ലം വാക്കേഴ്‌സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് ബാലഗോപാലിന്റെ വേറിട്ട പ്രചാരണ പരിപാടി അരങ്ങേറിയത്.

പ്രഭാത സവാരി പതിവുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.എന്‍. ബാലഗോപാല്‍ തിരഞ്ഞെടുപ്പ് തിരക്കുകളിലായപ്പോള്‍ നടത്തവും വ്യായാമവും ഇടക്കൊന്നു മുടങ്ങി. എന്നാല്‍ കഴിഞ്ഞദിവസം രാവിലെ ആശ്രാമം മൈതാനത്ത് ബാലഗോപാല്‍ നടക്കാനെത്തി. ഒറ്റയ്ക്കായിരുന്നില്ല, വലിയൊരു സംഘവും ബാലഗോപാലിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി വാക്കേഴ്‌സ് ക്ലബ് സംഘടിപ്പിച്ച ‘നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം’ എന്ന പരിപാടിയില്‍ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് ബാലഗോപാല്‍ എത്തിയത്. വെള്ള നിറത്തിലുള്ള ട്രാക് സ്യൂട്ടും ക്യാന്‍വാസും ലോകാരോഗ്യദിന സന്ദേശമെഴുതിയ വെള്ളത്തൊപ്പിയും ധരിച്ചെത്തിയ ബാലഗോപാല്‍ തുടര്‍ന്ന് രാജ്യസഭാംഗമായിരുന്നപ്പോള്‍ സ്ഥാപിച്ച ഓപ്പന്‍ ജിംനേഷ്യത്തില്‍ വ്യായാമം നടത്തുകയും ചെയ്തു. പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ജിംനേഷ്യത്തിലേക്ക് കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പതിവ് പ്രഭാത സവാരിക്കാരില്‍ നിന്നും അഭിപ്രായമാരാഞ്ഞു.

ഒളിമ്പ്യന്‍ അനില്‍കുമാര്‍ പ്രായം കുറഞ്ഞ ഫിഡെ മാസ്റ്റര്‍ ജുബിന്‍ ജിമ്മിക്ക് പതാക കൈമാറിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നാരംഭിച്ച പ്രഭാത സവാരി ആശ്രാമം മൈതാനം ചുറ്റിയാണ് അഡ്വഞ്ചര്‍ പാര്‍ക്കിലെ ഓപ്പണ്‍ ജിംനേഷ്യത്തിലെത്തിയത്.

ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.ബിജു ബി. നെല്‍സണ്‍ ആരോഗ്യദിന സന്ദേശം നല്‍കി. ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ജോസഫ് കാര്‍ലോസ് വ്യായാമത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. എം. നൗഷാദ് എം.എല്‍.എ മേയര്‍ വി. രാജേന്ദ്രബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, വൈസ് പ്രസിഡന്റ് കെ. രാമഭദ്രന്‍, ഐ.എം.എ സെക്രട്ടറി ഡോ. വിനോദ് ജോര്‍ജ് ഫിലിപ്പ്, സീഷോര്‍ വാക്കേഴ്‌സ് ക്ലബ് സെക്രട്ടറി ചന്ദ്രബാബു തുടങ്ങിയവരുള്‍പ്പെടെ ഒട്ടനവധിപേരാണ് ‘നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം ‘ പരിപാടിയില്‍ പങ്കെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7