നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. നേരത്തെ ഇതേ ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ദിലീപ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
തനിക്കെതിരായ തെളിവുകള്‍ അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്നും അത് തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ ഏത് ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും വിചാരണ വൈകിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഹര്‍ജിയെന്നുമാണ് സംസ്ഥാന സര്‍ക്കാ!രിന്റെ നിലപാട്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണ നടത്താന്‍ തീരുമാനമായിരുന്നു. കേസ് പരിഗണിക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയുടെതാണ് നിര്‍ദ്ദേശം. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക വാദം അടച്ചിട്ട കോടതിയില്‍ ആരംഭിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച് അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക വാദമാണ് എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ ആരംഭിച്ചത്. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.

pathram:
Leave a Comment