സൈക്കളില്‍ സവാരി നടത്തി വോട്ട് ചോദിച്ച് വി.കെ. ശ്രീകണ്ഠന്‍; വരവേല്‍ക്കാന്‍ വന്‍ജനാവലി

പാലക്കാട്: പാലക്കാട്ട് തെരഞ്ഞെടുപ്പ് ചൂടിനു കനത്ത വെയിലിലും തടസമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എം.പി എം.ബി രാജേഷിനെ തന്നെ എല്‍ഡിഎഫ് കളത്തിലിറക്കുമ്പോള്‍ വി.കെ ശ്രീകണ്ഠന്‍ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാര്‍ എന്‍ഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നു.

കേരളത്തിലെ ഏറ്റവും വലിയ ആദിവാസമേഖലയായ അട്ടപ്പാടി ഉള്‍പ്പെടുന്ന പാലക്കാട് മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളും നിര്‍ണായകമാണ്. വികസനപ്രശ്നങ്ങളാണ് പാലക്കാട്ട് പ്രധാന പ്രചാരണ വിഷയമാകുന്നത്. മൂന്നാം ഊഴത്തില്‍ എം.ബി രാജേഷിന് ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്.

എം.പിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.പി രാജേഷ് വോട്ട് തേടുന്നത്. എന്നാല്‍ റെയില്‍വേ ഉള്‍പ്പടെയുള്ള മേഖലകളില്‍ വേണ്ടത്ര വികസനം കൊണ്ടുവരാന്‍ എം.ബി രാജേഷിന് സാധിച്ചില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇത്തവണ കോണ്‍ഗ്രസ് വോട്ടുകള്‍ കൃത്യമായി ലഭിച്ചാല്‍ ജയിച്ചുകയറാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

അതിനിടെ, വികെ ശ്രീകണ്ഠന്റെ തിരഞ്ഞെടുപ്പ് പര്യടനം ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ രാത്രി വൈകി പൂര്‍ത്തിയായി. രാവിലെ എട്ടിന് കിണാശേരിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി എ തങ്ങള്‍ നിര്‍വ്വഹിച്ചു.

സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനായി കാട്ടുകുളത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന വന്‍ ജനാവലിയാണ് കാത്തുനിന്നത്. തുടര്‍ന്ന് തലയണക്കാട്, കടമ്പഴിപ്പുറം വട്ടംതുരുത്തി, കല്ലംപറമ്പ്, ഷാരു കോവില്‍, പതിനാറാം മൈല്‍, മംഗലാംകുന്ന് എന്നിവിടങ്ങളില്‍ പര്യടനം നടത്തി.

മംഗലാംകുന്ന് വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെ മംഗലാംകുന്ന് അരി മുറുക്ക് നല്‍കിയാണ് ജാനകി അമ്മാള്‍ സ്വീകരിച്ചത്. ഞങ്ങളുടെ വോട്ടും അനുഗ്രഹവും കൂടെയുണ്ടെന്നു പറയാനും അവര്‍ മറന്നില്ല. വലിമ്പിലിമംഗലം മണ്ണമ്പറ്റ, പുലാപ്പറ്റ മണ്ടഴി, ഉമ്മനഴി, കോണിക്കഴി, വാക്കട സെന്റര്‍, പൊമ്പറ സെന്റര്‍, കരിമ്പുഴ തെരുവ്, തോട്ടര, കുലിക്കിലിയാട് ചന്തപ്പടി, കരിപ്പമണ്ണ, ചോളോട്, പടിഞ്ഞാറേ പാലോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം തള്ളച്ചിറ കിഴക്കേപറമ്പില്‍ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ പി ഹരിഗോവിന്ദന്‍, പി എസ് അബ്ദുള്‍ ഖാദര്‍ , പി ഗിരീശന്‍, പി മനോജ്, കല്ലുവഴി ശങ്കരനാരായണന്‍, വിജി വാമദേവന്‍, വി എന്‍ കൃഷ്ണന്‍, പി എ ഷൗക്കത്തലി , പി സെയ്ത്, കെ കൃഷ്ണകുമാര്‍, കെ വിജയകുമാര്‍, കെ എം ഹനീഫ എന്നിവര്‍ പ്രസംഗിച്ചു. പുലാപ്പറ്റയില്‍ വികെ ശ്രീകണ്ഠന്‍ സൈക്കിള്‍ സവാരി നടത്തിയാണ് വോട്ട് അഭ്യര്‍ത്ഥിച്ചത്. പ്രവര്‍ത്തകര്‍ തയ്യാറാക്കിയ സൈക്കിളില്‍ സ്ഥാനാര്‍ഥി വോട്ടഭ്യര്‍ത്ഥനയുമായി കടന്നുപോയി.

pathram:
Leave a Comment