ഐപിഎല്ലില്‍ നിലവിലെ ഏറ്റവും മികച്ച താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ അതിമാനുഷിക പ്രകടനത്തിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. 13 പന്തില്‍ ഏഴ് സിക്സും ഒരു ബൗണ്ടറിയും സഹിതം 48 റണ്‍സടിച്ച റസല്‍ കൊല്‍ക്കത്തയെ അഞ്ച് വിക്കറ്റിന് ജയിപ്പിച്ചിരുന്നു. അതും ആദ്യ നാല് ബോളില്‍ ഒരുറണ്ണും പിന്നത്തെ 9 ബോളില്‍ 47 റണ്‍സുമാണ് റസ്സല്‍ അടിച്ചു കൂട്ടിയത്. അവസാനത്തെ 9 ബോളില്‍ ഏഴ് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നു.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് കോലി(49 പന്തില്‍ 84), എബിഡി(32 പന്തില്‍ 63), സ്റ്റോയിനിസ്(13 പന്തില്‍ 28) വെടിക്കെട്ടില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 205 റണ്‍സെടുത്തു. പാര്‍ത്ഥീവ് 25 റണ്‍സെടുത്തു. നരൈയ്നും കുല്‍ദീപും റാണയും ഓരോ വിക്കറ്റ് വീഴ്ത്തി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരുസമയം തോല്‍വി മുന്നില്‍ കണ്ടതാണ്. എന്നാല്‍ അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്ത റസല്‍ വെടിക്കെട്ടില്‍ മറികടക്കുകയായിരുന്നു.
ഐപിഎല്‍ 12-ാം എഡിഷനില്‍ നാല് മത്സരങ്ങളില്‍ നിന്ന് 207 റണ്‍സും അഞ്ച് വിക്കറ്റുമാണ് റസലിന്റെ സമ്പാദ്യം. 62 ആണ് ഉയര്‍ന്ന സ്‌കോര്‍. സ്ട്രൈക്ക് റേറ്റ് 268.83. ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം കൂടിയാണ് റസല്‍. 22 സിക്സും 12 ബൗണ്ടറിയും ഇതിനകം ബാറ്റില്‍ നിന്ന് പിറന്നു.
Leave a Comment