എട്ട് റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് വീണു; കറനിന്റെ ഹാട്രികില്‍ പഞ്ചാബ് ഡല്‍ഹിയെ തകര്‍ത്തു

ഐപിഎല്ലില്‍ സാം കറനിന്റെ ഹാട്രിക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍
പഞ്ചാബിന് 14 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 19.2 ഓവറില്‍ 152 റണ്‍സേ എടുക്കാനേയായുള്ളൂ. അവസാന എട്ട് റണ്ണിനിടെ ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് നഷ്ടമായത് നിര്‍ണായകമായി. കറന്‍ 2.2 ഓവറില്‍ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഒരവസരത്തില്‍ ജയം സ്വപ്നം കണ്ടിരുന്ന ഡല്‍ഹിയെ കറനും ഷമിയും എറിഞ്ഞൊതുക്കുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ആദ്യ പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. അശ്വിന്റെ പന്തില്‍ പൃഥ്വി ഷായെ രാഹുല്‍ പിടികൂടി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാനും ശ്രേയാസും ഡല്‍ഹിക്ക് അടിത്തറയിട്ടു. അയ്യര്‍ 28ഉം ധവാന്‍ 30 റണ്‍സും എടുത്ത് പുറത്തായി. അശ്വിനും വില്‍ജോയ്ക്കുമായിരുന്നു വിക്കറ്റ്. പിന്നീട് ഋഷഭ് പന്തും ഇന്‍ഗ്രാമും ഡല്‍ഹിക്ക് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ തകര്‍ത്തടിച്ച ഋഷഭ് പന്തിനെ(39) ഷമി 17-ാം ഓവറിലെ നാലാം പന്തില്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ മോറിസ്(0) റണ്‍ഔട്ടായി.

സാം കറാന്‍ എറിഞ്ഞ 18ാം ഓവറും പഞ്ചാബിന് നിര്‍ണായകമായി. നാലാം പന്തില്‍ കോളിന്‍ ഇന്‍ഗ്രാം(38) കരുണ്‍ നായരുടെ ക്യാച്ചില്‍ പുറത്ത്. അവസാന പന്തില്‍ ഹര്‍ഷാല്‍ പട്ടേല്‍(0) വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈകളില്‍. ഷമിയുടെ 19-ാം ഓവറിലെ മൂന്നാം പന്തില്‍ വിഹാരി(2) ബൗള്‍ഡ്. അവസാന ഓവറില്‍ 15 എടുക്കാന്‍ ഡല്‍ഹി കാപിറ്റല്‍സിനായില്ല. ആദ്യ രണ്ട് പന്തുകളില്‍ റബാഡയെയും(0), ലമിച്ചാനെയും(0) മടക്കി കറാന്‍ ഹാട്രിക് തികച്ചു. കിംഗ്സ് ഇലവനായി കറന്‍ നാലും അശ്വിനും ഷമിയും രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. ക്രിസ് ഗെയ്ല്‍ ഇല്ലാതെ ഇറങ്ങിയ പഞ്ചാബിന് സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സെത്തിയപ്പോഴെ ആദ്യ വിക്കറ്റ് നഷ്ടമായി. 11 പന്തില്‍ 15 റണ്‍സെടുത്ത രാഹുല്‍ ആണ് ആദ്യം വീണത്. പിന്നാലെ 20 റണ്‍സെടുത്ത സാം കറനും മടങ്ങി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ മായങ്ക് അഗര്‍വാളിനും(6) അധികം ക്രീസില്‍ ആയസുണ്ടായില്ല.

എട്ടാം ഓവറില്‍ 58/3 എന്ന സ്‌കോറില്‍ പതറിയ പഞ്ചാബിനെ സര്‍ഫ്രാസ് ഖാനും(39), ഡേവിഡ് മില്ലറും ചേര്‍ന്ന് 120 റണ്‍സിലെത്തിച്ചെങ്കിലും ഇരുവരും പുറത്തായതോടെ പഞ്ചാബ് തകര്‍ന്നു. അവസാന ഓവറില്‍ ആഞ്ഞടിച്ച മന്‍ദീപ് സിംഗാണ്(29 നോട്ടൗട്ട്) പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഡല്‍ഹിക്കായി ക്രിസ് മോറിസ് മൂന്നും റബാദയും ലാമിച്ചാനെയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

pathram:
Related Post
Leave a Comment