ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം പ്രഖ്യാപിക്കും

അടുത്ത മാസം നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 20ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ് അറിയിച്ചു. ‘മികച്ചൊരു ടീമിനെ തന്നെയായിരിക്കും പ്രഖ്യാപിക്കുക എന്ന ആത്മവിശ്വാസമുണ്ട്. ഇതിനുവേണ്ടി ഒന്നര വര്‍ഷത്തോളം പ്രയത്നിക്കുകയായിരുന്നു. എല്ലാ കളിക്കാരെയും ഞങ്ങള്‍ നിരീക്ഷിച്ചു. വിവിധ കോമ്പിനേഷനുകള്‍ പരീക്ഷിച്ചു. ഞങ്ങള്‍ പ്രഖ്യാപിക്കുന്ന ടീം ലോകകപ്പ് സ്വന്തമാക്കും എന്നുതന്നെയാണ് വിശ്വാസം’-പ്രസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടീമിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞെന്ന് ക്യാപ്റ്റന്‍ വിരാട് കോലിയും പറഞ്ഞിരുന്നു. ഒരു സ്പോട്ട് സംബന്ധിച്ച് മാത്രമാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത് എന്നു പറഞ്ഞ കോലി പക്ഷേ, ആ സ്പോട്ട് ഏതാണെന്ന് വെളിപ്പെടുത്തിയില്ല. നമ്പര്‍ 4 ബാറ്റ്സ്മാന്‍, നാലാമത്തെ സീമര്‍, മൂന്നാമത്തെ സ്പിന്നര്‍, രണ്ടാമത്തെ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ എന്നിവരെ സംബന്ധിച്ചാണ് ടീമില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

മെയ് 20 മുതല്‍ ജൂലൈ 14വരെയാണ് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ലോകകപ്പ് നടക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒന്‍പതിന് ഓസ്ട്രേലിയയെയും പതിമൂന്നിന് ന്യൂസീലന്‍ഡിനെയും പതിനാറിന് പാകിസ്താനെയും 22ന് അഫ്ഗാനിസ്ഥാനെയും 27ന് വെസ്റ്റിന്‍ഡീസിനെയും 30ന് ഇംഗ്ലണ്ടിനെയും ജൂലൈ രണ്ടിന് ബംഗ്ലാദേശിനെയും ആറിന് ശ്രീലങ്കയെയും നേരിടും. ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാര്‍. എം.എസ്. ധോനി നയിച്ച ഇന്ത്യ സെമിയില്‍ തോല്‍ക്കുകയായിരുന്നു.

pathram:
Related Post
Leave a Comment