പാലക്കാട്ട് ശ്രീകണ്ഠന്റെ പ്രചാരണച്ചൂടില്‍ തളര്‍ന്ന് എല്‍ഡിഎഫും ബിജെപിയും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം കൂടിയാണിത്. പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം.

നിയമസഭ തെരഞ്ഞടുപ്പില്‍ ഇതില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫുമാണ് ജയിച്ചത്. പാലക്കാട് ലോകസഭാ മണ്ഡലം നിലവില്‍ വന്ന 1957 മുതല്‍ ഇതുവരെ നാലു തവണ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളത്. 1977ല്‍ സുന്നാ സാഹിബും 1980, 1984, 1991 വര്‍ഷങ്ങളില്‍ വി.എസ് വിജയരാഘവനുമാണ് കോണ്‍ഗ്രസിനു വിജയം സമ്മാനിച്ചവര്‍.

2009ല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇവിടെ. കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ 1820 വോട്ടിനാണ് എല്‍ഡിഎഫിലെ എം.ബി രാജേഷ് പരാജയപ്പെടുത്തിയത്. 2014ല്‍ എംപി വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ക്കു അടിയറവു പറയിച്ചും രാജേഷ് ലോക്സഭയിലെത്തി.

എന്നാല്‍ ഇത്തവണ 2009ലേതിനു സമാനമായ പോരാട്ടമാണ് പാലക്കാട് നടക്കുന്നത്. കാലങ്ങളായി തങ്ങളെ പിന്തുണയ്ക്കുന്ന നെല്ലറയുടെ നാട് ഇത്തവണ തങ്ങളെ കൈവിടുമോയെന്ന ആശങ്കയിലാണ് ഇടതുപക്ഷം. ‘ജയ്ഹോ’ എന്ന പേരില്‍ ജില്ലയില്‍ നടത്തിയ പദയാത്രയിലൂടെ ഉള്‍ഗ്രാമങ്ങളില്‍ സജീവമാക്കിയ പാര്‍ട്ടി സംവിധാനങ്ങളുടെ കരുത്തുമായാണു യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകണ്ഠന്‍ വോട്ടു ചോദിക്കുന്നത്.

പാലക്കാട്ടെ പൊരിവെയിലില്‍ 400 കിലോമീറ്ററിലധികം നടക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നില്ല. ഷാഫി പറമ്പില്‍ മത്സരിക്കുമെന്നു ശ്രുതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഷാഫി തന്നെ പറഞ്ഞു’ശ്രീകണ്ഠന്‍ മത്സരിക്കും. ഞാന്‍ പ്രചാരണം നയിക്കും.” ആ കൂട്ടുകെട്ടാണു രംഗത്തുള്ളത്.

2014ലെ ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പറഞ്ഞ് അഹങ്കരിച്ചിരുന്ന ഇടതുപക്ഷത്തിന് തുടക്കം മുതലേ ചുവടുകള്‍ പിഴച്ചു. ശ്രീകണ്ഠന്റെ ജയ്ഹോ പദയാത്രയെ മറികടക്കാന്‍ മറ്റൊന്നും പാര്‍ട്ടിക്ക് ചെയ്യാനായില്ല. ഗ്രൂപ്പ് വ്യത്യാസം മറികടന്ന് ശ്രീകണ്ഠനു വേണ്ടി അണികള്‍ ഒരേസ്വരത്തില്‍ വോട്ടുചോദിക്കുന്നതു കണ്ട് ഇടതുനേതാക്കള്‍ പോലും അന്തംവിട്ടു നില്‍ക്കുന്ന സ്ഥിതിയാണ്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തുന്നതും ശ്രീകണ്ഠനു കരുത്തായിട്ടുണ്ട്. ജയ്ഹോ പര്യടനം നടത്തിയതിനാല്‍ തന്നെ പ്രചരണത്തിലും എല്‍ഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ശ്രീകണ്ഠന്‍. ആദിവാസി ന്യൂനപക്ഷ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. ഈ വിഭാഗങ്ങളുടെ വോട്ട് യുഡിഎഫിനാകുമെന്ന വിലയിരുത്തലുമുണ്ട് ഇത്തവണ.

ജില്ലയില്‍ സി.പി.എമ്മിനും നേതാക്കള്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളും സി.പി.എമ്മും സി.പി.ഐ.യുമായി നാലഞ്ച് കേന്ദ്രങ്ങളിലെങ്കിലുമുള്ള സ്വരചേര്‍ച്ചയില്ലായ്മയും എല്‍ഡിഎഫിന് മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്നാണ് വിവരം. ബി.ജെ.പിയ്ക്ക് പാര്‍ട്ടിസംവിധാനമുണ്ടെങ്കിലും എന്‍.ഡി. എ. സംവിധാനം ശക്തമല്ലാത്തും ശ്രീകണ്ഠനു മുതല്‍ക്കൂട്ടാണ്.

കെഎസ്യു പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച ശ്രീകണ്ഠന്‍ പ്രീഡിഗ്രി ക്ലാസില്‍ എം.ബി. രാജേഷിന്റെ സഹപാഠിയായിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ ദേശീയ ജനറല്‍ സെക്രട്ടറി വരെയായി. ഇപ്പോള്‍ പാലക്കാട് ഡിസിസി പ്രസിഡന്റും ഷൊര്‍ണൂര്‍ നഗരസഭാംഗവുമാണ്.

പോരാടി തന്നെയാണ് ശ്രീകണ്ഠന്‍ ഈ നിലയിലേക്ക് ഉയര്‍ന്നുവന്നത്:

ഷൊര്‍ണൂര്‍ ടൗണ്‍ ബസ്റ്റ് സ്റ്റാന്‍ഡിന് പിന്‍ഭാഗത്ത് കൂടി കടന്നുപോകുന്ന കോണ്‍വന്റ് റോഡിലെ കൃഷ്ണ വിലാസം വീട്ടില്‍ നിന്നും ഗണേഷ്ഗിരി കുന്നിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക് പോയിവരാന്‍ 3 കി.മീറ്ററാണ് ദൂരം. ദിവസം 3 നേരം ഈ ദൂരം താണ്ടിയാണ് വി കെ ശ്രീകണ്ഠന്‍ സ്‌കൂളില്‍ വന്നുപോകുന്നത്. ഉച്ചയ്ക്കത്തെ വരവ് വീട്ടിലെത്തി ഊണ് കഴിക്കാനാണ്.

അഞ്ചാം ക്ലാസില്‍ ഈ സ്‌കൂളില്‍ ചേര്‍ന്ന പയ്യന് നടന്നുവരുന്ന വഴിവക്കത്തെ വീട്ടുകാരും വഴിയാത്രക്കാരുമൊക്കെ കൂട്ടുകാരായി. ആ സൗഹൃദങ്ങളാണ് കെഎസ്യു എന്ന പതാക കയ്യിലേന്താന്‍ പ്രേരിപ്പിച്ചത്. ഗണേഷ്ഗിരി സ്‌കൂള്‍ എന്നാല്‍ എസ് എഫ് ഐയുടെ കുത്തകയാണ്.

അവിടെ കൊണ്ടുപോയി കെഎസ്യുവിന്റെ കൊടി നാട്ടിയാല്‍ എങ്ങനിരിക്കും. കൂട്ടുകാരെ ചേര്‍ത്ത് ഒരു യൂണിറ്റുണ്ടാക്കി അവിടെ കെഎസ് യുവിന്റെ കൊടിനാട്ടിയ ശ്രീകണ്ഠനെ ഒരു ദിവസം എസ്എഫ്ഐക്കാര്‍ സ്‌കൂള്‍ മുതല്‍ ഷൊര്‍ണൂര്‍ ടൌണ്‍ വരെ അടിച്ചുകൊണ്ടാണ് വന്നത്. അത് വലിയ പ്രതിഷേധം വിളിച്ചുവരുത്തി, നാട്ടിലും വീട്ടിലും.

ശ്രീകണ്ഠന്‍ എന്ന പയ്യനില്‍ അത് വല്ലാത്തൊരു വാശിയായി മാറി. പിറ്റേ ദിവസവും ഇടം തോളില്‍ പുസ്തകവും വലംകയ്യില്‍ പതാകയുമായി കൂട്ടുകാരെയും കൂട്ടി വീണ്ടും സ്‌കൂളിലേക്ക് തിരിച്ചു. അന്ന് തുടങ്ങിയ പോരാട്ടമാണ് ഷൊര്‍ണൂരില്‍ ശ്രീകണ്ഠനും എസ് എഫ് ഐക്കാരുമായുള്ളത്.

പിന്നീട് 1990 ല്‍ എസ് എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കെ എസ് യു നേതാവായ ശ്രീകണ്ഠനും എസ് എഫ് ഐ ഡി വൈ എഫ് ഐ സഖാക്കളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. അന്ന് എതിരാളിയായ ഒരുത്തന്‍ സോഡാക്കുപ്പി പൊട്ടിച്ച് കുത്തിയത് കവിളിലാണ് കൊണ്ടത്. ആ മുറിവ് പല സ്റ്റിച്ചുകള്‍ ഇട്ടാണ് തുന്നിച്ചേര്‍ത്തത്.

മുഖത്തെ ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അതിലേറെ മുറിവ് മനസിലുമുണ്ട്. അന്ന് വളര്‍ത്താല്‍ തുടങ്ങിയ താടി ഇനി വടിക്കണേല്‍ തന്നെ ആക്രമിച്ച പ്രസ്ഥാനത്തെ നേര്‍ക്കുനേര്‍ നിന്ന് പൊരുതി തോല്‍പ്പിക്കുന്ന ദിവസം വരണമെന്നായിരുന്നു ശപഥം. ആ അങ്കപ്പുറപ്പാടിലാണ് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠനിപ്പോള്‍. ഇവിടെ സി പി എമ്മിന്റെ എം ബി രാജേഷിനോടാണ് ശ്രീകണ്ഠന്‍ അങ്കം കുറിച്ചിരിക്കുന്നത്. അതും രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടം.

പട്ടാളത്തില്‍ നിന്ന് വിരമിച്ച അച്ഛന്‍ കൃഷ്ണന്‍ നായര്‍ക്ക് ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡിലെ ഒരു ഒറ്റമുറിയില്‍ ചായക്കടയായിരുന്നു തൊഴില്‍. കടയിലേക്ക് കൊണ്ടുപോകാന്‍ പരിപ്പുവടയും ഉഴുന്നുവടയുമൊക്കെ ഉണ്ടാക്കി പാത്രത്തിലാക്കി അമ്മ മകനെ തിരക്കുമ്പോള്‍ മകന്‍ പാര്‍ട്ടിക്കാര്‍ക്കൊപ്പം അപ്പുറം കടന്നിരിക്കും. പിന്നെ വരവ് രാത്രി പതിനൊന്നു കഴിയുമ്പോഴാകും.

നാട്ടില്‍ ഏത് പാര്‍ട്ടിക്കാരനാണെങ്കിലും ഒരത്യാവശ്യം ഉണ്ടായാല്‍ ഏത് സമയത്താണെങ്കിലും ശ്രീകണ്ഠന്‍ അവിടെ എത്തിയിരിക്കും. ആശുപത്രിയില്‍ കൊണ്ടുപോകാനോ, മരണവീടോ, വിവാഹ ചടങ്ങോ എന്തുമാകട്ടെ പാര്‍ട്ടി നോക്കാതെ സഹായിക്കും. ആ നടപ്പിന് ചിലവാകുന്ന കാശ് കൂട്ടുകാരില്‍ നിന്നും കടംവാങ്ങി നല്‍കും.

ആ കടം വീട്ടാനാണ് പിന്നെ അച്ഛന്റെ കടയില്‍ കയറുക. അച്ഛന്‍ തിരിയുന്ന നേരത്ത് പെട്ടിയില്‍ നിന്നും അടിച്ചുമാറ്റി കടയില്‍ നിന്നും മുങ്ങും. അങ്ങനെയാണ് കടംവീട്ടല്‍. ഇതറിയുന്ന ചില കൂട്ടുകാര്‍ ശ്രീകണ്ഠന്‍ എത്ര ചോദിച്ചാലും ആവുന്നപോലെ സഹായിക്കും. തിരിച്ചു വാങ്ങാറില്ല. കാരണം കൊടുക്കുന്ന കാശ് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലാതെ സ്വന്തം കാര്യത്തിനായി ചിലവാക്കില്ല.

ശ്രീകണ്ഠന്‍ കെ എസ് യുവിന്റെ സംസ്ഥാന നേതാവും യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതാവും ആയിരുന്നപ്പോഴും കുടുംബം പോറ്റാന്‍ കൃഷ്ണന്‍ നായരുടെ ചായക്കട തന്നെയായിരുന്നു ആശ്രയം. ശ്രീകണ്ഠന്റെ ആശ്രയവും ആ പണപ്പെട്ടിയിലെ ചില്ലിക്കാശ് തന്നെയായിരുന്നു.

ഈ തെരഞ്ഞെടുപ്പ് കാലത്തും സഹായവുമായി നിരവധി പേരാണ് ശ്രീകണ്ഠനെ തേടിയെത്തുന്നത്. ശ്രീകണ്ഠന്‍ എന്തെങ്കിലുമൊക്കെ ആയി കാണാന്‍ അത് സാധ്യമാകുമോ എന്നറിയാന്‍ മേയ് 23 വരെ കാത്തിരിക്കണം.

pathram:
Related Post
Leave a Comment