തെരഞ്ഞെടുപ്പിലും തരംഗമായി ലൂസിഫര്‍ .., സ്റ്റീഫന്‍ നെടുമ്പള്ളിയായി സ്ഥാനാര്‍ഥികള്‍..!!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രം ലൂസിഫറിന്റെ പോസ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സജീവം. ലൂസിഫറിനെയും സ്റ്റീഫന്‍ നെടുമ്പള്ളിയേയും ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍. ചിത്രം റിലീസായതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളുടെ ലൂസിഫര്‍ പോസ്റ്ററുകളും നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വിന്റേജ് ജീപ്പില്‍ മുണ്ടുടുത്ത് വന്നാണ് സ്റ്റീഫന്‍ നെടുമ്ബള്ളി ആരാധക ഹൃദയം കീഴടക്കിയത്.

ഇപ്പോഴിതാ അതേ ലുക്കില്‍ മാസ് എന്‍ട്രിയുമായി എത്തിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികളും. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ലൂസിഫര്‍ ലുക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ആലപ്പുഴയിലെ ഇടതുസ്ഥാനാര്‍ത്ഥി എഎം ആരിഫിന്റെ പോസ്റ്ററാണ് ആദ്യം പുറത്തിറങ്ങിയത്. ജീപ്പിലെ നെടുമ്ബള്ളി മാറ്റി ആലപ്പുഴയെന്നാക്കി. തലതിരിച്ചെഴുതിയ ലൂസിഫര്‍ എന്നത് അതേ മാതൃകയില്‍ ആരിഫെന്നും, വോട്ട് ഫോര്‍ എല്‍ഡിഎഫ് എന്നും പോസ്റ്ററില്‍ കാണാം. സംഭവം വൈറലായതോടെ മറ്റുള്ളവരും അത് ഏറ്റെടുത്തു.

പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി എംബി രാജേഷ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ എന്നിവരും സ്റ്റീഫന്‍ നെടുമ്പള്ളിയുമായെത്തി. മുമ്പ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ ലുക്കില്‍ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് എത്തിയിരുന്നു.

pathram:
Related Post
Leave a Comment