അശ്വിന്റെ മങ്കാദിങ്; നിലപാട് വ്യക്തമാക്കി എംസിസി

ലണ്ടന്‍: മങ്കാദിങ് വിവാദത്തില്‍ നയം വ്യക്തമാക്കി ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന സമിതിയായ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). ‘നോണ്‍ സ്ട്രൈക്കറെ റണ്‍ഔട്ടാക്കും മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് ക്രിക്കറ്റ് നിയമത്തില്‍ ഒരിടത്തും പറയുന്നില്ല. പന്ത് റിലീസ് ചെയ്യും മുന്‍പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്ട്രൈക്കറെ റണ്‍ഔട്ടാക്കുന്നത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരല്ലെന്നും’ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രിക്കറ്റ് നിയമത്തില്‍ മാറ്റം വരുത്താന്‍ പദ്ധതിയില്ലെന്നും എംസിസി പറയുന്നു. ‘നിയമം അനിവാര്യമാണ്. അല്ലെങ്കില്‍ ആനുകൂല്യം മുതലെടുത്ത് നോണ്‍ സ്ട്രൈക്കര്‍മാര്‍ ക്രീസ് വിട്ട് വാരകള്‍ മുന്നോട്ട് കയറും. ഇത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടേ കഴിയൂ. മനപൂര്‍വം പന്തെറിയാന്‍ വൈകിപ്പിച്ച് ബട്ലറെ റണ്‍ഔട്ടാക്കാന്‍ അശ്വിന്‍ ശ്രമിക്കുകയായിരുന്നെങ്കില്‍ അത് അനീതിയും ക്രിക്കറ്റിന്റെ സ്പിരിറ്റിന് കളങ്കമാണ്. എന്നാല്‍ ഇക്കാര്യം അശ്വിന്‍ നിഷേധിച്ചിട്ടുണ്ടെന്നും’ എംസിസി വ്യക്തമാക്കി.

ജയ്പൂരില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലാണ് വിവാദ മങ്കാദിങ് അരങ്ങേറിയത്. കിംഗ്സ് ഇലവന്‍ നായകന്‍ കൂടിയായ അശ്വിന്റെ മങ്കാദിങ്ങില്‍ പുറത്താകുമ്പോള്‍ 43 പന്തില്‍ 69 റണ്‍സടിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്നു ജോസ് ബട്ലര്‍. എന്നാല്‍ ബട്ലര്‍ പുറത്തായ ശേഷം തകര്‍ന്ന രാജസ്ഥാന്‍ റോയല്‍സ്, കിംഗ്സ് ഇലവനോട് 14 റണ്‍സിന്റെ തോല്‍വി വഴങ്ങി. ഐപിഎല്ലില്‍ ആദ്യമായാണ് ഒരു താരം മങ്കാദിങ്ങില്‍ പുറത്താകുന്നത്.

pathram:
Leave a Comment