പേരാമ്പ്ര: ബുധനാഴ്ചനടന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കായണ്ണ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് വഴിയരികില്‍ കണ്ടെത്തിയത്. മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് റോഡില്‍നിന്ന് നാട്ടുകാരന് ലഭിച്ചത്. സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിലാണ് കെട്ട് കണ്ടെത്തിയത്. വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലോഫീസില്‍ എത്തിച്ച് അയയ്ക്കാനായാണ് ഇവ കൊണ്ടുപോയത്. കെട്ട് ലഭിച്ചയാള്‍ ഫോണ്‍വഴി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തി ഉത്തരക്കടലാസുകള്‍ സ്‌കൂളിലെത്തിച്ചു.
ഇവ തപാല്‍വഴി അയയ്ക്കാനായി സ്‌കൂള്‍ ജീവനക്കാരന്‍ കൊണ്ടുപോകുമ്പോള്‍ ബൈക്കില്‍നിന്ന് വീണതാണെന്ന് കരുതുന്നു. സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡന്റ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ പരീക്ഷാജോലികളില്‍നിന്ന് നീക്കി. തുടരന്വേഷണവുമുണ്ടാകും.
എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയരികില്‍ കണ്ട സംഭവത്തില്‍ ജീവനക്കാരന്റെയടുത്ത് ഗുരുതര വീഴ്ചയുണ്ടായതിനാല്‍ പരീക്ഷാജോലികളില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് ഡി. ഡി.ഇ. ഇ.കെ. സുരേഷ് കുമാര്‍ പറഞ്ഞു. തുടര്‍ അച്ചടക്ക നടപടി വ്യാഴാഴ്ചയുണ്ടാകും. കെട്ടുകള്‍ സീല്‍ പൊട്ടാതെ, ഒരു പോറല്‍പോലും പറ്റാത്ത സ്ഥിതിയിലായിരുന്നെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച ഉത്തരക്കടലാസുകള്‍ പോലീസ് കാവലില്‍ സ്‌കൂളില്‍ത്തന്നെ സൂക്ഷിക്കും. വ്യാഴാഴ്ച തപാല്‍വഴി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. രോഗിയാണെന്നും തലചുറ്റി ബൈക്കില്‍നിന്നുവീണ് പീടികയില്‍ കയറിയിരുന്ന സമയം നാട്ടുകാര്‍ കെട്ടെടുത്ത് വിവരമറിയിക്കുകയായിരുന്നെന്നാണ് ജീവനക്കാരന്‍ ഡി.ഡി.ഇ.യോട് പറഞ്ഞത്.
കായണ്ണ ജി.എച്ച്.എസ്.എസില്‍ ബുധനാഴ്ച നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയതറിഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തകരും നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു. തുടര്‍ന്നാണ് ഡി.ഡി.ഇ.യെ വിവരമറിയിച്ചത്.