ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരേ നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് തോല്‍വി. 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 237 റണ്‍സിന് പുറത്തായി. 132 റണ്‍സിന് ആറു വിക്കറ്റ് നഷ്ടമായി തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും ചേര്‍ന്ന ഏഴാം വിക്കറ്റ് സഖ്യം 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 46-ാം ഓവറില്‍ ഈ കൂട്ടുകെട്ട് പൊളിച്ച കമ്മിന്‍സ് ഓസീസിന് വിജയം വേഗത്തിലാക്കി.

54 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്നു ബൗണ്ടറികളുമടക്കം ഭുവനേശ്വര്‍ 46 റണ്‍സെടുത്തു. പിന്നാലെ 44 റണ്‍സെടുത്ത കേദാര്‍ ജാദവിനെ റിച്ചാഡ്സണ്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. അവസാന മൂന്ന് മത്സരങ്ങള്‍ ജയിച്ച ഓസീസ് പരമ്പര 3-2 ന് സ്വന്തമാക്കി.

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (56) മാത്രമാണ് മുന്‍നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. തുടക്കത്തില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (12), ക്യാപ്റ്റന്‍ വിരാട് കോലി (20), ഋഷഭ് പന്ത് (16), വിജയ് ശങ്കര്‍ (16), രവീന്ദ്ര ജഡേജ (0), മുഹമ്മദ് ഷമി (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

സ്‌കോര്‍ 15ല്‍ നില്‍ക്കെ ശിഖര്‍ ധവാനാണ് ആദ്യം പുറത്തായത്. രണ്ടു ബൗണ്ടറികള്‍ നേടി ഫോം തുടരുന്നെന്ന സൂചന നല്‍കിയ ധവാനെ, പാറ്റ് കമ്മിന്‍സാണ് വീഴ്ത്തിയത്. അലക്‌സ് കാരി ക്യാച്ചെടുത്തു. രണ്ടാം വിക്കറ്റില്‍ കോഹ്‌ലിരോഹിത് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് പ്രതീക്ഷ സമ്മാനിച്ചതാണ്. 53 റണ്‍സ് നീണ്ട കൂട്ടുകെട്ടിനൊടുവില്‍ കോഹ്‌ലിയും പുറത്തായി. മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയ്ക്കു ക്യാച്ച് സമ്മാനിച്ചു മടങ്ങുമ്പോള്‍ 22 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം നേടിയ 20 റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.

ഋഷഭ് പന്താണ് നാലാമനായി എത്തിയത്. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഒരു ബൗണ്ടറിയും സിക്‌സും നേടി പന്ത് പ്രതീക്ഷ നല്‍കിയെങ്കിലും ആ ഇന്നിങ്‌സിന് അധികം ആയുസുണ്ടായില്ല. നേഥന്‍ ലയണിന്റെ പന്തില്‍ ആഷ്ടണ്‍ ടേണറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ 16 പന്തില്‍ നേടാനായത് 16 റണ്‍സ്. വിജയ് ശങ്കറും ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും ആദം സാംപയെ തുടര്‍ച്ചയായ രണ്ടാം സിക്‌സ് അടിക്കാനുള്ള ആവേശം വിനയായി. ബൗണ്ടറിക്കു സമീപം ഉസ്മാന്‍ ഖവാജ ക്യാച്ചെടുത്തു.

രോഹിത് ശര്‍മയുടേതായിരുന്നു അടുത്ത ഊഴം. ആദം സാംപയുടെ പന്ത് കയറിക്കളിക്കാനുള്ള രോഹിതിന്റെ ശ്രമം പിഴച്ചു. ബാറ്റ് കയ്യില്‍നിന്നു തെറിച്ചുപോയ തക്കത്തിന് അലക്‌സ് കാരി സ്റ്റംപു ചെയ്തു പുറത്താക്കി. 89 പന്തില്‍ നാലു ബൗണ്ടറി സഹിതം 56 റണ്‍സായിരുന്നു സമ്പാദ്യം. മൂന്നു പന്തിന്റെ ഇടവേളയില്‍ രവീന്ദ്ര ജഡേജയും കൂടാരം കയറി. സാംപയുടെ പന്തില്‍ കാരി സ്റ്റംപു ചെയ്തു പുറത്താക്കുകയായിരുന്നു.

അതിനിടെ, ഇന്നത്തെ മല്‍സരത്തില്‍ 46 റണ്‍സെടുത്തതോടെ രോഹിത് ശര്‍മ ഏകദിനത്തില്‍ 8000 റണ്‍സും തികച്ചു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമായും രോഹിത് മാറി. 200 ഇന്നിങ്‌സുകളില്‍നിന്ന് 8000 കടന്ന സൗരവ് ഗാംഗുലിക്കൊപ്പമാണ് രോഹിത് ഇപ്പോള്‍.

നേരത്തെ 32 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലായിരുന്ന ഓസീസിന് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പരമ്പരയിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ഉസ്മാന്‍ ഖ്വാജയുടെ ഇന്നിങ്സാണ് ഓസീസിന് തുണയായത്. 106 പന്തില്‍ നിന്ന് രണ്ടു സിക്‌സും 10 ബൗണ്ടറികളുമടക്കം ഖ്വാജ 100 റണ്‍സെടുത്തു. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ചുറി കുറിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ക്യാപ്റ്റന്‍ ഫിഞ്ചും – ഖ്വാജയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 43 പന്തുകള്‍ നേരിട്ട് നാലു ബൗണ്ടറികളടക്കം 27 റണ്‍സെടുത്ത ഫിഞ്ചിനെ ജഡേജയാണ് പുറത്താക്കിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഖ്വാജ – ഫിഞ്ച് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പിന്നിടുന്നത്. പിന്നാലെ ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പുമായി ചേര്‍ന്ന് ഖ്വാജ ഓസീസ് ഇന്നിങ്സ് മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഈ സഖ്യം 99 റണ്‍സ് ചേര്‍ത്തു. 60 പന്ത് നേരിട്ട ഹാന്‍ഡ്സ്‌കോമ്പ് നാലു ബൗണ്ടറി സഹിതം 52 റണ്‍സെടുത്ത് ഷമിയുടെ പന്തില്‍ പുറത്തായി.

ഖ്വാജ പുറത്തായ ശേഷം കളം പിടിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 250-ല്‍ താഴെ ഒതുക്കുമെന്ന തോന്നലുയര്‍ന്നിരുന്നു. എന്നാല്‍ തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ വാലറ്റക്കാര്‍ നടത്തിയ പ്രകടനമാണ് ഓസീസിനെ 272-ല്‍ എത്തിച്ചത്. പാറ്റ് കമ്മിന്‍സ് എട്ടു പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. ജേ റിച്ചാഡ്സണ്‍ 21 പന്തില്‍ 29 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടാകുകയായിരുന്നു.

ഗ്ലെന്‍ മാക്സ്വെല്‍ (1), മാര്‍ക്കസ് സ്റ്റോയ്നിസ് (20), ആഷ്ടണ്‍ ടര്‍ണര്‍ (20), അലക്സ് കാരി (3), നഥാന്‍ ലിയോണ്‍ (1*) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 10 ഓവര്‍ എറിഞ്ഞ് 39 റണ്‍സ് വഴങ്ങിയ ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

pathram:
Leave a Comment