മൊഹാലി ഏകദിനത്തില്‍ സ്റ്റംപിങ് അവസരങ്ങള്‍ പാഴാക്കിയതിന്റെ പേരില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ നിരവധിപേര്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ പന്തിന് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ടവര്‍ എത്തിയതും ശ്രദ്ധേയമായി.. ഇപ്പോഴിതാ.. പന്തിന്റെ ബാല്യകാല പരിശീലകന്‍ തരക് സിന്‍ഹ ശിഷ്യനുവേണ്ടി രംഗത്ത് എത്തിയിരിക്കുന്നു. വളര്‍ന്നു വരുന്ന താരമെന്ന നിലയില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തി പന്തിന്റെ ആത്മവിശ്വാസമിടിക്കുന്നത് ശരിയല്ലെന്ന് സിന്‍ഹ അഭിപ്രായപ്പെട്ടു. പന്തിന് പന്തിന്റേതായ ശൈലിയുണ്ടെന്നും താരം ധോണിയെപ്പോലെ കളിക്കണമെന്ന് വാശി പിടിക്കുന്നതില്‍ യുക്തിയില്ലെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു. ധോണി പോലും ആദ്യ കാലത്ത് സ്റ്റംപിങ്, ക്യാച്ച് അവസരങ്ങള്‍ പാഴാക്കിയിട്ടുണ്ടെന്നും സിന്‍ഹ ചൂണ്ടിക്കാട്ടി.
നാലാം ഏകദിനത്തിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും വേട്ടയാടപ്പെട്ട താരമായിരുന്നു പന്ത്. ബാറ്റിങ്ങില്‍ മോശമാക്കിയില്ലെങ്കിലും വിക്കറ്റ് കീപ്പിങ്ങില്‍ പന്തിന്റെ പിഴവുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ഗാലറിയില്‍ നിന്നു പന്തിനെ ലാക്കാക്കി ‘ധോണി, ധോണി’ എന്നു വിളിച്ചു പറഞ്ഞ കാണികള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലും പന്തിനെ ട്രോളി. സെഞ്ചുറി നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, മാന്‍ ഓഫ് ദ് മാച്ച് ആഷ്ടണ്‍ ടേണര്‍, വിജയത്തിലേക്ക് ടേണറിനു കൂട്ടുനിന്ന അലക്‌സ് കാരി എന്നിവര്‍ നല്‍കിയ ചാന്‍സുകളാണ് വിക്കറ്റിനു പിന്നില്‍ പന്ത് പാഴാക്കിയത്. വിക്കറ്റിനു എതിരായി തിരിഞ്ഞുനില്‍ക്കെ കിട്ടിയ അവസരം, ധോണി സ്‌റ്റൈലില്‍ വിക്കറ്റിലേക്കു നോക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞു നടത്തിയ പരീക്ഷണവും പാളി. ഇതിനു പിന്നാലെയാണ് പന്തിനെ പിന്തുണച്ച് ബാല്യകാല പരിശീലകന്‍ രംഗത്തെത്തിയത്.
‘ധോണിയേപ്പോലെ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഋഷഭ് പന്തും. ധോണിയുമായുള്ള അനാവശ്യ താരതമ്യങ്ങള്‍ പന്തിനെ തളര്‍ത്താനേ ഉപകരിക്കൂ. മാത്രമല്ല, അനാവശ്യ താരതമ്യങ്ങള്‍ ധോണിയെ അനുകരിക്കാനുള്ള സമ്മര്‍ദ്ദവും പന്തില്‍ സൃഷ്ടിക്കും. മനസ് സ്വതന്ത്രമായിരിക്കുമ്പോഴാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകുക’ സിന്‍ഹ പറഞ്ഞു. ധോണിയും പന്തും രാജ്യാന്തര ക്രിക്കറ്റിലേക്കു എത്തിയ സാഹചര്യങ്ങള്‍ തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ടെന്നും സിന്‍ഹ ചൂണ്ടിക്കാട്ടി.
‘ഇപ്പോഴത്തെ പന്തിന്റെ അവസ്ഥയും 14 വര്‍ഷം മുന്‍പ് ധോണി ഇന്ത്യന്‍ ടീമിലെത്തിയ സാഹചര്യങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. പന്തിനെപ്പോലെ കടുത്ത സമ്മര്‍ദ്ദവുമായല്ല ധോണി ടീമിലെത്തിയത്. ഏതെങ്കിലും മഹാനായ താരത്തിന്റെ പിന്‍ഗാമിയായല്ല ധോണി വന്നത്. അന്ന് രംഗത്തുണ്ടായിരുന്നത് ദിനേഷ് കാര്‍ത്തിക്കിനെയും പാര്‍ഥിവ് പട്ടേലിനെയും പോലുള്ള താരങ്ങളാണ്. ഇന്ന് സ്ഥിതി മാറി. പന്തിനു മുകളിലുള്ള പ്രതീക്ഷകളുടെ ഭാരം എത്രയധികമാണ്.’ സിന്‍ഹ ചൂണ്ടിക്കാട്ടി.
‘ക്യാച്ചും സ്റ്റംപിങ്ങും പാഴാക്കിയിട്ടില്ലാത്ത ഏതു വിക്കറ്റ് കീപ്പറാണ് ഉള്ളത്? കരിയറിന്റെ തുടക്കകാലത്ത് ധോണിയും ക്യാച്ചും സ്റ്റംപിങ്ങുമെല്ലാം പാഴാക്കിയിട്ടുണ്ട്. എന്നിട്ടും ധോണിയെ ടീമില്‍ തുടരാന്‍ അനുവദിച്ച സിലക്ടര്‍മാരുടെ നിലപാടാണ് അദ്ദേഹത്തെ ഇന്നു നാം കാണുന്ന തലത്തിലേക്കു വളര്‍ത്തിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായി ധോണി മാറിയത് അങ്ങനെയാണ്’ സിന്‍ഹ ചൂണ്ടിക്കാട്ടി.
Leave a Comment