ജോലിയെടുക്കാത്തവര്‍ക്ക്‌ എട്ടിന്റെപണി കൊടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവര്‍ക്ക് പണി കൊടുക്കാനുള്ള നീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവരെ പുനര്‍വിന്യസിക്കാനും തസ്തികകള്‍ ക്രമീകരിക്കാനും സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ഇടതുപക്ഷ സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചതോടെ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ജോയിന്റ് സെക്രട്ടറി ആര്‍.സന്തോഷ് കുമാറാണു സമിതി കണ്‍വീനര്‍. പൊതുഭരണ വകുപ്പ് അഡീഷനല്‍ സെക്രട്ടറി രഞ്ജിത് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ ഷൈന്‍ എ.ഹക്ക്, സി.അജയന്‍, ഡപ്യൂട്ടി സെക്രട്ടറി നാസര്‍ എന്നിവരാണു സമിതി അംഗങ്ങള്‍. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ സമിതിയുടെ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കും. അന്തിമ റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇഗവേണന്‍സ് നടപ്പാക്കിയതോടെ ജീവനക്കാരുടെ ആവശ്യം വളരെ കുറഞ്ഞെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഫയല്‍നീക്കമെല്ലാം കംപ്യൂട്ടര്‍ വഴിയായതോടെ ഓഫിസ് അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ മിക്കവര്‍ക്കും കാര്യമായ പണിയില്ല. എന്നാല്‍ അണ്ടര്‍ സെക്രട്ടറി മുതലുള്ളവര്‍ക്ക് ജോലിഭാരം കൂടുതലുമാണ്.

പണിയില്ലാത്ത ജീവനക്കാരാണ് സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്നും, അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും സര്‍ക്കാരിന് അഭിപ്രായമുണ്ട്. ഓരോ വിഭാഗത്തിലും വരുന്ന ഫയലുകളുടെ എണ്ണം പരിശോധിച്ച് ജോലി ഭാരം ക്രമീകരിക്കുന്നതിന് ശുപാര്‍ശ നല്‍കുക, ഓഫിസ് സെക്ഷനുകള്‍ ക്രമീകരിക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകള്‍.

സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോള്‍ ഭാവിയില്‍ സെക്രട്ടേറിയറ്റിലെ പല തസ്തികകളും വെട്ടികുറച്ചേക്കാം. സമിതിയെ നിയോഗിക്കുന്നതിനെതിരെ ഇടതുപക്ഷ സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി തീരുമാനമെടുത്തിരിക്കുന്നത്. അതിനാല്‍ സമിതിയുടെ ശുപാര്‍ശകള്‍ വേഗത്തില്‍ നടപ്പിലാക്കാനാണ് സാധ്യത.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment