ഇന്ത്യന്‍ ടീമിന്റെ പട്ടാളത്തൊപ്പി: പാക്കിസ്ഥാന് തിരിച്ചടിയായി ഐസിസിയുടെ മറുപടി

ഓസിസിനെതിരായ മൂന്നാം ഏകദിനത്തില്‍ പട്ടാളത്തൊപ്പി അണിഞ്ഞറങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ നടപടി വേണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യത്തിനോട് പ്രതികരിച്ച് ഐസിസി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായും ഫണ്ട് ശേഖരണത്തിനായും മത്സരത്തില്‍ പട്ടാളത്തൊപ്പി ധരിക്കാന്‍ ബി സി സി അനുമതി വാങ്ങിയിരുന്നതായി ഐ സി സി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി സി സി ഐയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനി വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റിനെ ഇന്ത്യ രാഷ്ട്രീയവല്‍ക്കരിച്ചു എന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്നാലെ ഐ സി സിക്ക് കത്തെഴുതി. ഐസിസിയില്‍ നിന്ന് മറ്റെന്തോ ആവശ്യത്തിന് വാങ്ങിയ അനുമതി ബിസിസിഐ ദുരുപയോഗം ചെയ്തു എന്നായിരുന്നു പാക്കിസ്ഥാന്റെ വാദം.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വിടപറഞ്ഞ 40 സി ആര്‍ പി എഫ് ജവാന്‍മാരുടെ ഓര്‍മ്മയ്ക്കായാണ് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ പട്ടാളത്തൊപ്പിയണിഞ്ഞ് കളിക്കാനിറങ്ങിയത്. മത്സരത്തില്‍ നിന്നുള്ള മാച്ച് ഫീ നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് കൈമാറാനുമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തീരുമാനം. എന്നാല്‍ പിന്നാലെ പാക്കിസ്ഥാന്‍ വിവാദവുമായി രംഗത്തെത്തി.

സൈനിക തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ പാക് മന്ത്രി നടപടി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണെന്നും പാക് വാര്‍ത്താവിതരണ മന്ത്രി ഫവദ് ചൗധരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പി സി ബി ഔദ്യോഗികമായി ഐസിസിക്ക് പരാതി നല്‍കിയത്. ഇതിന്‍മേലാണ് ഐ സി സി ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയത്.

pathram:
Related Post
Leave a Comment