ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി ഭരണത്തുടര്‍ച്ച നേടുമെന്ന് ഏറ്റവും പുതിയ സര്‍വേ. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പുറത്തുവന്ന സര്‍വേഫലം ബിജെപി ക്യാംപിനു പ്രതീക്ഷ പകരുന്നതാണ്. ഐഎഎന്‍എസ് വാര്‍ത്താഎജന്‍സിക്കു വേണ്ടി സീവോട്ടര്‍ ആണു സര്‍വേ നടത്തിയത്.
ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനാകില്ലെങ്കിലും മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ എന്‍ഡിഎയ്ക്കു സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നു സര്‍വേ പ്രവചിക്കുന്നു. നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി പ്രചാരണം നയിക്കുന്ന എന്‍ഡിഎ 300 സീറ്റ് നേടും. 80 സീറ്റുള്ള ഉത്തര്‍പ്രദേശ് തന്നെയാകും കേന്ദ്രത്തില്‍ ആരു ഭരിക്കണമെന്നതില്‍ നിര്‍ണായകമാവുക.
കേരളത്തില്‍ യുഎഡിഎഫിനാണു മുന്‍തൂക്കം. ആകെയുള്ള 20 സീറ്റില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി 14 സീറ്റ് നേടുമെന്നാണു പ്രവചനം. സിപിഎം നയിക്കുന്ന എല്‍ഡിഎഫ് ആറു സീറ്റിലൊതുങ്ങും. ബിജെപിക്കു സാധ്യതകളൊന്നുമില്ല. പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സേന ബാലാക്കോട്ടിലെ ഭീകരക്യാംപില്‍ നടത്തിയ വ്യോമാക്രമണത്തിനു ശേഷമാണു ദേശീയാടിസ്ഥാനത്തിലുള്ള സര്‍വേ നടത്തിയത്.
നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പ്രതിപക്ഷത്തേക്കാള്‍ ഒരുപടി മുന്നിലാണെന്നും തിരഞ്ഞെടുപ്പ് പോരാട്ടം അനുകൂലമാക്കാന്‍ അവര്‍ക്കു സാധിച്ചേക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്‍ഡിഎ 264, കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 141, മറ്റുള്ളവര്‍ 138 സീറ്റ് നേടും.
ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ മഹാസഖ്യം രൂപപ്പെട്ടില്ലെങ്കില്‍ എന്‍ഡിഎ 307, യുപിഎ 139, മറ്റുള്ളവര്‍ 97 സീറ്റുകളാണു നേടുക. ബിജെപി ഒറ്റയ്ക്ക് 220 സീറ്റ് നേടും. മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക് 44 സീറ്റും ലഭിക്കും. തിരഞ്ഞെടുപ്പിനുശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ്, എംഎന്‍എഫ്, ബിജെഡി, ടിആര്‍എസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ കിട്ടിയാല്‍ എന്‍ഡിഎയുടെ സീറ്റെണ്ണം 301ല്‍ എത്തും.
Leave a Comment