43ാം ഓവറില്‍ തന്നെ ആ തീരുമാനം കോഹ്ലിയും ധോണിയും എടുത്തു; പിന്നീട് കാത്തിരിപ്പായിരുന്നു; വിജയ് ശങ്കര്‍ പറയുന്നു

നാഗ്പുര്‍: അവസാന ഓവറില്‍ ഓസ്ട്രേലിയയെ കുടുക്കാന്‍ വേണ്ട നിര്‍ണായക തീരുമാനം എടുത്ത ഇന്ത്യന്‍ തീരുമാനം അക്ഷരം പ്രതി നടപ്പാക്കി ശ്രദ്ധനേടുകയാണ് വിജയ് ശങ്കര്‍ അവസാന ഓവറില്‍ ഓസിസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. ക്രീസിലുണ്ടായിരുന്നത് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്റ്റോയിന്‍സും ആറു റണ്‍സുമായി നഥാന്‍ ലിയോണും. ഇന്ത്യന്‍ ബൗളിങ് നിരയിലാകട്ടെ മുഹമ്മദ് ഷമിയുടേയും ജസ്പ്രീത് ബുറയുടേയും രവീന്ദ്ര ജഡേജയുടേയും കുല്‍ദീപ് യാദവിന്റേയും 10 ഓവറുകള്‍ വീതം കഴിഞ്ഞിരുന്നു. ഇന്ത്യക്ക് പിന്നീട് ആശ്രയിക്കാനുണ്ടായിരുന്നത് വിജയ് ശങ്കറും കേദര്‍ ജാദവും മാത്രം. വിജയ് ശങ്കര്‍ ആദ്യ ഓവറില്‍ 13 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ ആ വിജയ് ശങ്കര്‍ തന്നെ നിര്‍ണായകമായ അവസാന ഓവര്‍ എറിയാനെത്തി. ക്യാപ്റ്റന്‍ വിരാട് കോലിയും എം.എസ് ധോനിയുമായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. അത് തെറ്റിയില്ല. ആദ്യ പന്തില്‍ തന്നെ സ്റ്റോയിന്‍സിനെ വിജയ് വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നീട് ക്രീസിലെത്തിയ ആദം സാംബ രണ്ടാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. എന്നാല്‍ മൂന്നാം പന്തില്‍ സാംബയുടെ സ്റ്റമ്പ് തെറിപ്പിച്ച് വിജയ് ശങ്കര്‍ ഇന്ത്യക്ക് ആവേശ വിജയമൊരുക്കി.

വിജയ് ശങ്കറിനെ അവസാന ഓവര്‍ ഏല്‍പ്പിക്കാനുള്ള തീരുമാനം ഇന്ത്യന്‍ ടീം 43-ാം ഓവറില്‍ തന്നെ എടുത്തിരുന്നു. മത്സരശേഷം വിജയ് ശങ്കര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘നിര്‍ണായക സമയത്ത് സമ്മര്‍ദ്ദമില്ലാതെ ബൗള്‍ ചെയ്ത് വിക്കറ്റെടുക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. അത് സാധ്യമായിരിക്കുന്നു. 43-ാം ഓവര്‍ മുതല്‍ ഞാന്‍ അവസാന ഓവര്‍ എറിയുന്നതും കാത്തിരിക്കുകയായിരുന്നു.’ മത്സരശേഷം വിജയ് പ്രതികരിച്ചു.

ഇന്ത്യയുടെ വിജയശില്‍പ്പി ആയതോടെ സോഷ്യല്‍ മീഡിയയില്‍ വിജയ് ശങ്കറിനുള്ള അഭിനന്ദനപ്രവാഹമാണ്. ലോകകപ്പിനുള്ള ടീമില്‍ തമിഴ്നാട്ടുകാരന്‍ ഇടം പിടിച്ചുവെന്നാണ് ഹര്‍ഭജന്‍ സിങ്ങിന്റെ ട്വീറ്റ്.

pathram:
Related Post
Leave a Comment