ഓസ്‌ട്രേലിയക്കെതിരായി ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പുതിയ റെക്കോഡിട്ട് എം.എസ് ധോനി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ധോനി സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 38ാം ഓവറില്‍ ഓസീസ് പേസര്‍ കോള്‍ട്ടര്‍ നില്ലിനെ അതിര്‍ത്തി കടത്തി ധോനി 216ാം സിക്‌സിലെത്തി.
മത്സരം തുടങ്ങും മുമ്പ് ധോനിയുടെ അക്കൗണ്ടില്‍ 215 സിക്‌സാണുണ്ടായിരുന്നത്. രോഹിത് ശര്‍മ്മയോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു ധോനി. എന്നാല്‍ ഓസീസിനെതിരേ ഹൈദരാബാദില്‍ സിക്‌സ് അടിച്ച് ധോനി ഒറ്റക്ക് മുന്നിലെത്തി. ഇതോടെ രോഹിത് രണ്ടാമതായി. ഓസീസിനെതിരെ ഒരൊറ്റ സിക്‌സ് പോലും നേടാന്‍ കഴിയാതിരുന്നതും രോഹിതിന് തിരിച്ചടിയായി.
195 സിക്‌സ് അക്കൗണ്ടിലുള്ള സച്ചിന്‍ തെണ്ടുല്‍ക്കറാണ് മൂന്നാം സ്ഥാനത്ത്. 189 സിക്‌സുമായി സൗരവ് ഗാംഗുലി നാലാമതുണ്ട്. യുവരാജ് സിങ്ങ് (153), വീരേന്ദര്‍ സെവാഗ് (131) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. മത്സരത്തില്‍ ധോനി 72 പന്തില്‍ പുറത്താകാതെ 59 റണ്‍സടിച്ചു. ആറു ഫോറും ഒരു സിക്‌സും ധോനിയുടെ ബാറ്റില്‍ നിന്ന് പിറന്നു.
Leave a Comment