മാക്‌സ്‌വെല്ലിന്റെ അഭ്യര്‍ഥന ക്യാപ്റ്റന്‍ പരിഗണിച്ചേക്കും

ഹൈദരാബാദ്: ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം വേണമെന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യക്കെതിരായ രണ്ട് ടി20 മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറിയും സെഞ്ചുറിയും നേടിയ മാക്‌സ്‌വെല്ലായിരുന്നു ടോപ് സ്‌കോറര്‍.

നിലവില്‍ ഓസീസ് ഏകദിന ടീമില്‍ ഏഴാം നമ്പറിലാണ് മാക്‌സ്‌വെല്‍ ബാറ്റിംഗിനിറങ്ങുന്നത്. ടി20യിലെ മികച്ച പ്രകടനത്തോടെ മാക്‌സ്‌വെല്ലിന് സ്ഥാനക്കയറ്റം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഫിഞ്ച് വ്യക്തമാക്കി. ഇന്ത്യയില്‍ മാക്‌സ്‌വെല്ലിന് മികച്ച റെക്കോര്‍ഡാണുള്ളത്. അതുകൊണ്ടുതന്നെ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ മാക്‌സ്‌വെല്ലിന് അവസരം നല്‍കാന്‍ സാധ്യതയുണ്ടെന്നും ഏത് പൊസിഷനിലാണ് ഇറക്കുക എന്നത് തനിക്ക് ഇപ്പോള്‍ പറയാനാകില്ലെന്നും ഫിഞ്ച് പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് ക്യാരിക്കും ആദ്യ ഏകദിനത്തില്‍ അവസരം നല്‍കിയേക്കുമെന്നും ഫിഞ്ച് സൂചിപ്പിച്ചു. മാക്‌സ്‌വെല്ലിന് സ്ഥാനക്കയറ്റം നല്‍കി ഏഴാം നമ്പറില്‍ ക്യാരിയെ ഇറക്കാനാണ് ഓസീസ് ടീം ആലോചിക്കുന്നത്. അതേസമയം, പിച്ച് കൂടി കണ്ടശേഷമെ അന്തിമ ഇലവനെക്കുറിച്ച് തീരുമാനമെടുക്കൂവെന്നും ഫിഞ്ച് വ്യക്തമാക്കി.

pathram:
Related Post
Leave a Comment