ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തുന്നു. ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ കൂടെയുണ്ടാകുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് അംഗീകാരമേറുകയാണ്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പുടിന്‍ ഭീകരവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ഇന്ത്യയുടെ കൂടെയുണ്ടാകുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഒരുനടപടികളും പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും മോദിയും പുടിനും തമ്മിലുള്ള സംഭാഷണത്തില്‍ ധാരണയായി.
റഷ്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനോട് നന്ദി അറിയിച്ചു. അതിനിടെ റഷ്യയില്‍ നടക്കാനിരിക്കുന്ന ഈസ്‌റ്റേണ്‍ ഇക്കണോമിക്ക് ഫോറത്തിലേക്ക് പുടിന്‍ മോദിയെ ക്ഷണിക്കുകയും ചെയ്തു. പുടിന്റെ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
Leave a Comment